ആഘോഷരാവുകളുടെ ആഹ്ളാദ ഓര്‍മയില്‍ ബാഫഖി വലിയകത്ത് ബംഗ്ലാവ്
കൊയിലാണ്ടി: റബിഉല്‍ അവ്വല്‍ പിറന്നാല്‍ അന്ന് മുതല്‍ 12 ദിവസം കൊയിലാണ്ടിയിലെ വലിയകത്ത് ബംഗ്ലാവില്‍ ആഹ്ലാദ രാവുകളാണ്. കേരള മുസ് ലിംകളെ കൈപിടിച്ചുയര്‍ത്തിയ സാമൂഹ്യ, രാഷ്ട്രീയ നായകനായിരുന്ന അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ വസതിയാണ് ഇപ്പോള്‍ വലിയപുര എന്നറിയപ്പെടുന്ന ഇന്നും പഴമ നിലനിര്‍ത്തി തലയെടുപ്പോടെ നിലകൊള്ളുന്ന വലിയകത്ത് ബംഗ്ലാവ്.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെയും വിദ്യഭ്യാസ ബോര്‍ഡിന്റെയും നേതാവും മുസ് ലിം ലീഗ് അധ്യക്ഷനുമായിരുന്ന ബാഫഖി തങ്ങൾ പ്രവാചക സ്‌നേഹം ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ചു. വലിയകത്ത് ബംഗ്ലാവിലെ റബിഉല്‍ അവ്വല്‍ 12 വരെയുള്ള പ്രവാചക പ്രകീര്‍ത്തന സദസുകള്‍ക്ക് തങ്ങള്‍ തന്നെയാണ് നേതൃത്വം നൽകിയിരുന്നത്. സഹോദരങ്ങളും മക്കളും മരുമക്കളും പേരമക്കളും ഉള്‍പ്പെടെ വലിയ നിര തന്നെ നിത്യവും തങ്ങള്‍ക്കൊപ്പം മൗലിദ് ചടങ്ങില്‍ ഉണ്ടാകുമായിരുന്നു.
വലിയകത്ത് ബംഗ്ലാവിന്റെ വിശാലമായ കോലായിലാണ് മൗലിദ് നടത്താറുണ്ടായിരുന്നത്. കുന്തിരിക്കത്തിന്റെയും അത്തറിന്റെയും സുഗന്ധം മജ്‌ലിസിന് ഭക്തിനിര്‍ഭരമായ അന്തരീക്ഷം നല്‍കിയിരുന്നു.
അരി വ്യാപാരിയായിരുന്ന തങ്ങള്‍ വലിയങ്ങാടിയില്‍ നിന്നും കൊയിലാണ്ടി വലിയകത്ത് പള്ളിയിലെത്തി ഹദ്ദാദും ഇശാ നിസ്‌കാരവും നിര്‍വഹിച്ച ശേഷമാണ് വീട്ടിലെത്തി മൗലൂദില്‍ പങ്കെടുത്തിരുന്നത്.
റബിഊല്‍ അവ്വല്‍ 12 ദിവസവും ബര്‍സന്‍ജി മൗലിദാണ് തങ്ങള്‍ ഓതിയിരുന്നത്. 12 ദിവസങ്ങളിൽ ചീരണിയും കാവയും പത്തിരികളും കറികളും വിവിധ തരം സൂപ്പുകളും പതിവ് വിഭവങ്ങളാണ്.
വലിയകത്ത് ബംഗ്ലാവില്‍ അതിവിശാലമായ കോലായിയില്‍ വര്‍ണമനോഹര സുപ്ര തറയില്‍ വിരിച്ച് എല്ലാവരും ഇരുന്നാണ് മൗലിദ് ഓതിയിരുന്നത്. തുടര്‍ന്ന് മൗലിദിന് പ്രത്യകമായി തയാറാക്കിയ വിഭവങ്ങള്‍ വലിയ തളികകളിലും വിവിധ വര്‍ണങ്ങളിലുള്ള സ്വാനുകളിലും കൊണ്ടുവന്ന് സുപ്രയില്‍ നിരത്തും. ബാഫഖി തങ്ങള്‍ക്കൊപ്പം ഒരു മിച്ചിരുന്ന് ഒരേ പാത്രത്തില്‍ കഴിക്കുന്നതായിരുന്നു രീതി.
റബിഉല്‍ അവ്വല്‍ 12ന് നാട്ടുകാരെ ഒന്നടങ്കം പങ്കെടുപ്പിച്ചാണ് ബാഫഖി തങ്ങള്‍ വലിയ മൗലിദ് നടത്തിയിരുന്നത്. വീടിന് സമീപം തങ്ങളുടെ ഉടമസ്ഥതയിലുള്ള അരി ഗോഡൗണിന്റെ വലിയ കെട്ടിടത്തില്‍ ആടുകളെയും മാടുകളെയും അറുത്ത് ഭക്ഷണം തയാറാക്കി ക്ഷണിക്കപ്പെട്ടവര്‍ക്കും നാട്ടുകാര്‍ക്കും നല്‍കിയാണ് തങ്ങള്‍ മൗലിദ് ചടങ്ങുകള്‍ അവസാനിപ്പിച്ചിരുന്നത്.
കണ്ണിയത്ത് അഹമ്മദ് മുസ് ലിയാർ, ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ് ലിയാർ ഉള്‍പ്പെടെ സമസ്തയുടെയും മുസ്ലിം ലീഗിന്റെയും നേതാക്കള്‍ തങ്ങളുടെ വസതിയില്‍ മൗലിദ് ചടങ്ങുകളില്‍ എത്താറുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."