അബൂദബിയിൽ വിവാഹിതരാകുന്നവർക്ക് ഒക്‌ടോബർ ഒന്ന് മുതൽ നിർബന്ധിത ജനിതക പരിശോധന
അബൂദബി: അബൂദബിയിൽ വിവാഹിതരാകുന്നവർ വിവാഹപൂർവ സ്‌ക്രീനിങ് പ്രോഗ്രാമിൻ്റെ ഭാഗമായി ഒക്‌ടോബർ ഒന്ന് മുതൽ നിർബന്ധിത ജനിതക പരിശോധനയ്ക്ക് വിധേയരാവണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അബൂദബി ക്യാപിറ്റൽ സിറ്റി, അൽ ദഫ്‌റ, അൽ ഐൻ എന്നിവിടങ്ങളിലെ 22 പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങളിൽ പരിശോധനാ സേവനങ്ങൾ ലഭ്യമാക്കും. ജനിതക പരിശോധനാ ഫലം 14 ദിവസത്തിനുള്ളിൽ പുറത്തു വിടുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
തങ്ങളുടെ കുട്ടികൾ ജനിതക മാറ്റങ്ങളുള്ളവരാണോയെന്ന് തിരിച്ചറിയാൻ ഈ പരിശോധന ദമ്പതികളെ സഹായിക്കുന്നു. ഓട്ടോസോമൽ റീസെസിവ് മൂഖേന 840ലധികം ജനിതക വൈകല്യങ്ങൾക്ക് കാരണമാകുന്ന 570 സമഗ്ര ജനിതക സ്ക്രീനിങ് ഇന്ന് നിലവിലുണ്ട്.ജനിതക രോഗങ്ങൾ തടയാനും രോഗ നിർണയം, അനുയോജ്യമായ ജനിതക കൗൺസലിങ്,
ദമ്പതികൾക്ക് പ്രത്യുൽപാദന മരുന്നുകളിലൂടെ പരിഹാരങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഘട്ടങ്ങളിലൂടെ നേരത്തെയുള്ള ഇടപെടൽ ഉയർത്താനും ഇതുവഴി ലക്ഷ്യമിടുന്നതായി ദുബൈ ഹെൽത് അതോറിറ്റിയിലെ റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെൻ്റർ എക്‌സിക്യൂട്ടിവ് ഡയരക്ടർ ഡോ. അസ്മ അൽ മന്നായ് പറഞ്ഞു.
കാഴ്ച ശക്തിക്കുറവും കേൾവിക്കുറവും, രക്തം കട്ട പിടിക്കുന്ന തകരാറുകൾ, മന്ദ ഗതിയിലുള്ള വ്യക്തി വികാസം, അവയവങ്ങളുടെ പ്രവർത്തന പരാജയം, ഹോർമോൺ അസന്തുലിതാവസ്ഥ, അപസ്മാരം എന്നിവയുമായി ജനിക്കുന്ന കുട്ടികൾ ഏറ്റവും സാധാരണമായ ജനിതക വൈകല്യങ്ങളുള്ളവരായി കണക്കാക്കപ്പെടുന്നു.
ഈ സംരംഭത്തിൻ്റെ പരീക്ഷണ ഘട്ടത്തിൽ അബൂദബി ആസ്ഥാനമായ 800ലധികം ദമ്പതികളെ വിവാഹത്തിന് മുൻപ് ആരോഗ്യപരമായ തീരുമാനങ്ങളെടുക്കാൻ അതോറിറ്റി പിന്തുണച്ചു. അതിൽ 86 ശതമാനം ജനിതക അനുയോജ്യത കൈവരിച്ചു. 14 ശതമാനം പേർക്ക് മാത്രമേ ജനിതക ഫലങ്ങളെ അടിസ്ഥാനമാക്കി അധിക ഇടപെടലും കുടുംബാസൂത്രണവും ആവശ്യമായി വന്നിട്ടുള്ളൂവെന്നും ഡാറ്റ സൂചിപ്പിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."