കണ്ണിൽ അബദ്ധത്തിൽ ബോൾ പോയിന്റ് പേന തറച്ചു: 15കാരന് ആസ്റ്ററിൽ വിദഗ്ധ ശസ്ത്രക്രിയയിൽ കാഴ്ച വീണ്ടെടുത്തു
ദുബൈ: കാഴ്ച നഷ്ടപ്പെട്ടേക്കാവുന്ന നിലയില്‍ കണ്ണിന് ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയുടെ കാഴ്ച വീണ്ടെടുത്തു. 15 വയസ്സുള്ള 11-ാം ക്ലാസ് വിദ്യാർഥിയായ ദീക്ഷിത് കൊട്ടിയാട്ടില്‍ അനൂപിനാണ് ആസ്റ്ററിൽ വിദഗ്ധ ശസ്ത്രക്രിയ നടത്തിയത്. 2024 ജൂണ്‍ 20ന് ഉച്ച കഴിഞ്ഞ് സ്‌കൂളില്‍ ദീക്ഷിതിന്റെ വലതു കണ്ണില്‍ ഒരു ബോള്‍ പോയിന്റ് പേന അബദ്ധത്തിൽ തറയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ശക്തമായ വേദനയ്ക്കും പെട്ടെന്ന് കാഴ്ച നഷ്ടപ്പെടാനുമിടയായി.
ദീക്ഷിതിനെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കുട്ടിയുടെ നില സ്ഥിരപ്പെടുത്തുകയും പരുക്കിന്റെ തീവ്രത വിലയിരുത്തുകയും ചെയ്തു. ആഴത്തിൽ കോര്‍ണിയയെ ബാധിച്ചതുൾപ്പെടെ ഇതിലെ സങ്കീര്‍ണ്ണതകള്‍ കണക്കിലെടുത്ത്, ദീക്ഷിതിനെ വിശദ ചികിത്സയ്ക്കായി ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലിലേക്ക് മാറ്റുകയായിരുന്നു. ജൂണ്‍ 21ന് നേത്രരോഗ വിദഗ്ധനായ ഡോ. പാര്‍ത്ഥ് ഹേമന്ത്കുമാര്‍ ജോഷിയുടെ നേതൃത്വത്തില്‍ ദീക്ഷിത് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായി.
കോര്‍ണിയയിലെ കീറല്‍ നന്നാക്കുകയും കണ്ണിനുള്ളില്‍ നിന്ന് കേടായ ടിഷ്യു നീക്കം ചെയ്യുകയും ചെയ്യുന്നതായിരുന്നു ശസ്ത്രക്രിയ.
ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്ന ഈ നടപടിക്രമം ദീക്ഷിതിന്റെ ആരോഗ്യനില സ്ഥിരപ്പെടുത്തുന്നതില്‍ വിജയിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം ദീക്ഷിത് സുഖം പ്രാപിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു.
പരുക്കുണ്ടായത് മുതല്‍ കണ്ണിന്റെ ലെന്‍സ് മങ്ങിയതിനാൽ സാധാരണ സങ്കീര്‍ണതയായ ട്രോമാറ്റിക് തിമിരം ഉണ്ടായിരുന്നു. ഒരു മാസത്തിനു ശേഷം ജൂലൈ 25ന് പരുക്കേറ്റ കണ്ണിന് കാര്യമായ നിലയില്‍ കാഴ്ചശക്തി നഷ്ടപ്പെട്ട ദീക്ഷിത് ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലിലേക്ക് തിരിച്ചെത്തി. പരിശോധനയില്‍, കുടുതല്‍ മികച്ച ഫലങ്ങള്‍ക്കായി രണ്ട് ഘട്ടങ്ങളുള്ള ചികിത്സാ നടപടിക്രമം ആവശ്യമാണെന്ന് നിര്‍ണ്ണയിക്കപ്പെട്ടു.
കാഴ്ച വീണ്ടെടുക്കാന്‍ ദീക്ഷിത് രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനായി. തിമിരം വേര്‍തിരിച്ചെടുക്കലും കൃത്രിമ ലെന്‍സ് സ്ഥാപിക്കലും ഉള്‍പ്പെടുന്നതായിരുന്നു ഈ ശസ്ത്രക്രിയ. സ്‌പെഷ്യലിസ്റ്റ് ഒഫ്താല്‍മോളജിസ്റ്റ് ഡോ. ഗസാല ഹസന്‍ മന്‍സൂരിയുടെ സഹായത്തോടെ ഡോ. പാര്‍ത്ഥ് ഹേമന്ത്കുമാര്‍ ജോഷിയാണ് ഈ സങ്കീര്‍ണ്ണമായ നടപടിക്രമം പൂര്‍ത്തിയാക്കിയത്. ഏകദേശം ഒന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നു. കാര്യമായ അന്ധതയോടെ ആശുപത്രിയില്‍ എത്തിയ ദീക്ഷിതിന് ഗുരുതര പരുക്കുകള്‍ ഉണ്ടായിട്ടും കാഴ്ച ഭാഗികമായി പുനഃസ്ഥാപിക്കാനും അസുഖം ഭേദപ്പെട്ട് ഡിസ്ചാര്‍ജ് ചെയ്യാനും സാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."