കെ.എസ്.ആര്‍.ടി.സി എം.ഡി അവധിയില്‍; ഓണത്തിനും ശമ്പളം വൈകും
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാനുള്ള തുക കണ്ടെത്താന്‍ ബുദ്ധിമുട്ടുമ്പോള്‍ എം.ഡി അവധിയില്‍ പ്രവേശിച്ചത് പ്രതിസന്ധി രൂക്ഷമാക്കി. മുന്നറിയിപ്പില്ലാതെയാണ് എം.ഡി ആന്റണി ചാക്കോ അവധിയെടുത്തുപോയത്.
ശമ്പളം, പെന്‍ഷന്‍, ശമ്പള അഡ്വാന്‍സ്, ഉത്സവബത്ത എന്നീ ഇനങ്ങളിലായി ഭാരിച്ച ചെലവുകളാണ് കോര്‍പ്പറേഷന്‍ അഭിമുഖീകരിക്കുന്നത്. പുതിയസര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ തന്നെ എം.ഡിയെ മാറ്റണമെന്ന ആവശ്യമുയര്‍ത്തി സി.ഐ.ടി.യു യൂനിയന്‍ വകുപ്പുമന്ത്രിയെ സമീപിച്ചിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരിയെ കടുത്ത സമ്മര്‍ദത്തിനൊടുവില്‍ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച ഉദ്യോഗസ്ഥരെ മാറ്റുന്നത് സ്വാഭാവിക നടപടിയാണെന്നാണ് അന്ന് മന്ത്രി പ്രതികരിച്ചത്. എം.ഡിക്കും മാറ്റമുണ്ടാകുമെന്ന സൂചനകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ആന്റണി ചാക്കോ അവധിയില്‍ പോയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
140 കോടി രൂപ ശമ്പള ഇനത്തില്‍ മാത്രം കോര്‍പ്പറേഷന് ഇപ്പോള്‍ ആവശ്യമുണ്ട്. പെന്‍ഷന്‍ നല്‍കാനായി 55 കോടിയും വേണം. 2400 കോടി രൂപ ബാധ്യത ഇപ്പോള്‍ത്തന്നെ കോര്‍പ്പറേഷനുണ്ട്. അതിനാല്‍ തന്നെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കോര്‍പ്പറേഷന് വായ്പകളൊന്നും ലഭിക്കാത്ത അവസ്ഥയാണ്. നേരത്തേ കെ.ടി.ഡി.എഫ്.സി ഉള്‍പ്പെടെുള്ള സ്ഥാപനങ്ങളില്‍ നിന്ന്് കൂടിയ പലിശനിരക്കിലാണ് കോര്‍പ്പറേഷന്‍ വായ്പകള്‍ തരപ്പെടുത്തിയത്.
അതേസമയം ഗതാഗതവകുപ്പില്‍ 'തച്ചങ്കരി മോഡല്‍ ശുദ്ധികലശം' ഇനിയുമുണ്ടാകുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി എം.ഡി ദീര്‍ഘകാല അവധിയില്‍പോയത് തികച്ചും തെറ്റായ നടപടിയാണെന്നും സര്‍ക്കാര്‍ അത് പരിശോധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."