പാകിസ്താനുമായി ചൈനയുടെ ആയുധ കരാര്‍
ഇസ്‌ലാമാബാദ്: പാകിസ്താനുമൊത്ത് ഏറ്റവും വലിയ ആയുധ കച്ചവടത്തിന് ചൈന കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട്. വിനാശകാരികളായ എട്ട് അന്തര്‍വാഹിനികള്‍ പാകിസ്താന് വില്‍ക്കാനുള്ള കരാറിലാണ് ചൈന ഒപ്പുവച്ചത്.
ചൈനയുടെ ഏറ്റവും വലിയ ആയുധ കയറ്റുമതിയെ കുറിച്ച് പാകിസ്താനിലെ സര്‍ക്കാര്‍ നിയന്ത്രിത ഔദ്യോഗിക മാധ്യമവും റേഡിയോ പാകിസ്താനുമാണ് വാര്‍ത്ത പുറത്തുവിട്ടത്.
അഞ്ച് ബില്യന്‍ (500 കോടി) ഡോളറിന്റെ ഉടമ്പടിയാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. മുതിര്‍ന്ന നാവിക സേനാ ഉദ്യോഗസ്ഥര്‍ പാക് പ്രതിരോധ മന്ത്രാലായത്തിന്റെ പാര്‍ലമെന്ററി കമ്മിറ്റി മുമ്പാകെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും റേഡിയോ പാകിസ്താന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയുടെ സ്‌കോര്‍പീന്‍ മുങ്ങികപ്പലുകളുടെ വിവരം ചോര്‍ന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് എട്ട് പുതിയ അന്തര്‍വാഹിനികള്‍ പാകിസ്താന്‍ വാങ്ങുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നത്. 3.5 ബില്യന്‍ ഡോളറിന്റെ കരാറില്‍ ഫ്രഞ്ച് കമ്പനിയാണ് ഇന്ത്യക്കായി അന്തര്‍വാഹിനി നിര്‍മിച്ചത്. ആസ്‌ട്രേലിയന്‍ മാധ്യമമാണ് തന്ത്രപ്രധാന വിവരങ്ങള്‍ പുറത്ത് വിട്ടത്.
ഇന്ത്യന്‍ നാവിക സേന സംഭവത്തെ അതീവ ഗുരുതരമായി കാണുന്നതിന് ഇടയിലാണ് നാവികശേഷി വര്‍ധിപ്പിക്കാനുള്ള പാകിന്റെ നീക്കം. പാകിസ്താനിന്റെ സൈനിക ശേഷി വര്‍ധിപ്പിക്കാനുള്ള നീക്കം ഇന്ത്യയ്ക്ക് ഭീഷണിയാണ്. നേരത്തെ യു.എസില്‍ നിന്ന് പാകിസ്താന് ലഭിക്കേണ്ട സൈനിക സഹായം ഇത്തവണ അമേരിക്ക റദ്ദാക്കിയിരുന്നു.
തീവ്രവാദികള്‍ക്കെതിരേ പാകിസ്താന്‍ ഊര്‍ജിത നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് പാകിസ്താനുള്ള സഹായം യു.എസ് കോണ്‍ഗ്രസ് തടഞ്ഞത്. എഫ്-16 വിമാനങ്ങള്‍ വാങ്ങാനുള്ള പാക് നീക്കവും അതോടൊപ്പം പാളിയിരുന്നു. ഇതേ കാരണം ചൂണ്ടിക്കാട്ടി പാകിസ്താന് സബ്്‌സിഡി നിഷേധിക്കണമെന്ന് സെനറ്റ് ചൂണ്ടിക്കാട്ടുകയായിരുന്നു. തുടര്‍ന്നാണ് യു.എസില്‍ നിന്നു ആയുധങ്ങള്‍ വാങ്ങാതെ പാകിസ്താന്‍ ചൈനയുമായി ബാന്ധവം ശക്തമാക്കിയത്.
ചൈനയുടെ വിനാശകാരികളായ മുങ്ങിക്കപ്പലുകള്‍ പാകിസ്താന്റെ പക്കലെത്തുന്നത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. 2023 ല്‍ ആദ്യ നാല് അന്തര്‍വാഹിനികള്‍ പാകിസ്താന് ചൈന കൈമാറും. ബാക്കിയുള്ള നാലെണ്ണം കറാച്ചിയില്‍ 2028 നകം നീറ്റിലിറക്കും. നേരത്തെ ചൈനയും പാകിസ്താനും പാക് അധീന കശ്മിരില്‍ സംയുക്ത സൈനിക സേനാഭ്യാസവും നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."