ഹറമില്‍ നിര്‍മാണം പൂര്‍ത്തിയായ ഭാഗങ്ങള്‍ തുറന്നു കൊടുക്കും
മക്ക: ഹജ്ജിനു മുന്നോടിയായി ഹറമില്‍ നിര്‍മാണം പൂര്‍ത്തിയായ ഭാഗങ്ങള്‍ തുറന്നു കൊടുക്കുമെന്ന് ഹറം വകുപ്പ് വ്യക്തമാക്കി. സഊദി ഭരണാധികാരി സല്‍മാന്‍ ഇബ്‌നു അസീസ് രാജാവിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് നവീകരണം പൂര്‍ത്തിയായ ഭാഗങ്ങള്‍ തുറന്നു കൊടുക്കുന്നതെന്ന് ഇരു ഹറം കാര്യാലയ മേധാവി ശൈഖ് അബ്ദുറഹ്മാന്‍ സുദൈസ് പറഞ്ഞു. വികസിപ്പിച്ച ഭാഗങ്ങള്‍ പൂര്‍ണമായും തുറക്കുന്നതോടെ ഒന്നാം നില പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ കഴിയും.
പുതുതായി തുറക്കുന്നതോടെ സഫ മര്‍വക്കിടയില്‍ ഒന്നാം നിലയുമായി ബന്ധിപ്പിച്ച പാലം പുതുതായി ആരംഭിച്ച കൂളിങ് സംവിധാനങ്ങള്‍ ഹാജിമാര്‍ക്ക് ഉപയോഗിക്കാനാകും. വികസനത്തിന് ഉപയോഗിച്ചിരുന്ന പള്ളിയുടെ വടക്കേ മുറ്റമായ കിംഗ് അബ്ദുല്ല ഭാഗങ്ങളും ഉപയോഗിക്കാനാകും. ഹജ്ജ് വേളയിലെ കടുത്ത തിരക്ക് കണക്കിലെടുത്തു അംഗ ശുദ്ധിക്കായി ആറായിരത്തിലധികം അധിക സ്ഥലങ്ങള്‍ സൗകര്യപെടുത്തിയിട്ടുണ്ട്, പ്രാഥമികാവശ്യങ്ങള്‍ക്കായി ഇരുപതിനായിരം കക്കൂസുകളും സംവിധാനിച്ചിട്ടുണ്ട്.
മത്വാഫിന്റെ വികസനം പൂര്‍ത്തിയായതിനാല്‍ 1,07,000 പേര്‍ക്ക് ഒരേ സമയം വിശുദ്ധ കഅബയെ ത്വവാഫ് ചെയ്യാനാകും. ഹറമിലെ തുറസ്സായ സ്ഥലങ്ങളും നമസ്‌കാരത്തിനായി ഉപയോഗപ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ 1,87,500 പേര്‍ക്ക് നിസ്‌കരിക്കാനുള്ള അധിക സ്ഥലം കണ്ടെത്താനാകുമെന്നു സുദൈസ് വ്യക്തമാക്കി.
ഹജ്ജ് കമ്മിറ്റി മുഖേന
എത്തിയവരെല്ലാം മക്കയിലെത്തി
മക്ക: ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേന പുണ്യ ഭൂമിയിലെത്തിയ ഹാജിമാരുടെ മദീന സന്ദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഗ്രീന്‍ കാറ്റഗറിയില്‍ ചില കെട്ടിടങ്ങളില്‍ ഉണ്ടായിരുന്ന പാചക വാതക പ്രതിസന്ധി പരിഹരിച്ചിട്ടുണ്ടെന്നും ഹാജിമാര്‍ക്ക് ഭക്ഷണം പാചകം ചെയ്യാനുള്ള എല്ലാ സംവിധാനവും ഇപ്പോള്‍ ഉണ്ടെന്നും ഇന്ത്യന്‍ ഹജ്ജ് കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് റഹ്മാന്‍ പ്രദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഹാജിമാരുടെ പ്രശ്‌നത്തില്‍ ഉടനടി പരിഹാരം കാണുന്നതിന് ജനറല്‍ വെല്‍ഫെയര്‍ ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഹാജിമാരുടെ താമസ കെട്ടിടങ്ങളില്‍ വെള്ളം തടസ്സപ്പെടല്‍, ലിഫ്റ്റ് തകരാര്‍ തുടങ്ങിയവ അപ്പപ്പോള്‍ തന്നെ പരിഹരിക്കുന്നുണ്ട്. ഓരോ കെട്ടിടങ്ങളിലും ഇതിനുള്ള സൗകര്യം ഹജ്ജ് മിഷന്‍ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.
--------
ഇന്നുമുതല്‍
ഒരു വിമാനം മാത്രം
സര്‍വിസ് നടത്തും
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി നെടുമ്പാശ്ശേരിയില്‍ നിന്നും തീര്‍ഥാടകരുമായി ഇന്നു മുതല്‍ സഊദിയിലേക്ക് യാത്രയാകുക ഓരോ വിമാനങ്ങള്‍. 450 പേര്‍ യാത്ര ചെയ്യുന്ന വിമാനമാണ് ഇനിയുള്ള അഞ്ച് ദിവസവും സര്‍വിസ് നടത്തുക. ഇന്നലെ ഉച്ചയ്ക്ക് 12.40നും, രാത്രി 7.50നും പുറപ്പെട്ട രണ്ട് സഊദി എയര്‍ലൈന്‍സ് വിമാനങ്ങളിലായി 902 പേരാണ് യാത്രയായത്.
കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 273 തീര്‍ഥാടകരും കാസര്‍കോട്ടെ 269 പേരും ഇന്നലെ യാത്രയായി. എറണാകുളം 91, കൊല്ലം 65, തിരുവനന്തപുരം 46, മലപ്പുറം 39, കോട്ടയം 30, തൃശൂര്‍ 26, കാസര്‍കോട് 22, വയനാട് 15, പാലക്കാട് 14, ഇടുക്കി 10, ആലപ്പുഴ രണ്ട് എന്നിങ്ങനെയാണ് യാത്രയായത്. ഹജ്ജ് കമ്മിറ്റി വഴിയുള്ള 8407 പേര്‍ ഇതുവരെ യാത്രയായി.
വയനാട് വൈത്തിരി ഗവ.ഹൈസ്‌കൂള്‍ അധ്യാപകനായ ഉമ്മറും, എറണാകുളം അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലെ സെക്ഷന്‍ ഓഫീസര്‍ എ.എച്ച്.നൂര്‍ മുഹമ്മദുമാണ് ആദ്യ വിമാനത്തിലെ വളണ്ടിയര്‍മാര്‍.
മലപ്പുറം മക്കരപ്പറമ്പ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലാബ് അസിസ്റ്റന്റ് സുനീറും, കാടാമ്പുഴ പൊലിസ് സ്റ്റേഷനിലെ സി.പി.ഒ മുഹമ്മദ് താഹിറുമായിരുന്നു രണ്ടാം വിമാനത്തിലെ വളണ്ടിയര്‍മാര്‍.
ഭീകരവാദവും തീവ്രവാദവും തുടച്ചുനീക്കാന്‍
പ്രാര്‍ഥിക്കണം: വി.കെ ഇബ്രാഹിം കുഞ്ഞ്
നെടുമ്പാശ്ശേരി: ഭീകരവാദവും തീവ്രവാദവും സജീവ വിഷയമാകുമ്പോള്‍ ഇതിനെതിരായ നിലപാടെടുക്കാന്‍ സമൂഹത്തെ പ്രാപ്തമാക്കുന്നതിന് ഹജ്ജാജിമാര്‍ പ്രത്യേകം പ്രാര്‍ഥിക്കണമെന്ന് മുന്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ പറഞ്ഞു. നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ തീര്‍ഥാടകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷനായിരുന്നു. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, ഹജ്ജ് കമ്മിറ്റി അംഗം എച്ച്.ഇ മുഹമ്മദ് ബാബുസേട്ട്, അഹമ്മദ് കുട്ടി മൂപ്പന്‍, അഡ്വ കെ.പി മുഹമ്മദ്,അബ്ദുല്‍ അസീസ്, പി.എ ഷാജഹാന്‍, വി.എ മുഹമ്മദ് അഷ്‌റഫ് സംസാരിച്ചു.
അത്യാഹിത ഘട്ടങ്ങളെ നേരിടാന്‍ എട്ട് എയര്‍ ആംബുലന്‍സുകള്‍
മക്ക: ഹജ്ജ് സമയത്തെ അടിയന്തര സാഹചര്യങ്ങളെ നേരിടാനായി സഊദി റെഡ് ക്രസന്റ് അതോറിറ്റി വിവിധ സൗകര്യങ്ങളോടുകൂടിയ എട്ടു എയര്‍ ആംബുലന്‍സുകള്‍ രംഗത്തിറക്കും.
മക്കയിലും മദീനയിലുമായി 2,459 ഉദ്യോഗസ്ഥരും ഉണ്ടായിരിക്കുമെന്ന് റെഡ് ക്രസന്റ് അതോറിറ്റി ആക്റ്റിങ് ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഖസീം വ്യക്തമാക്കി. റെഡ് ക്രസന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ഇരു പുണ്യ നഗരിയിലുമായി 113 ആംബുലന്‍സ് കേന്ദ്രങ്ങളും തുറക്കുന്നുണ്ട്.
ഹാജിമാര്‍ യാത്രയാവുന്ന ഹൈവേകളില്‍ ആറു ആംബുലന്‍സ് കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര സാഹചര്യം നേരിടാന്‍ 290 ആംബുലന്‍സുകളും 29 മോട്ടോര്‍ ബൈക്കുകളും ഹറം സുരക്ഷാ അതോറിറ്റി ഒരുക്കിയിട്ടുണ്ട്.
99 ഡോക്ടര്‍മാര്‍ 1,579 മെഡിക്കല്‍ സ്‌പെഷ്യല്‍ സംഘം, 1400 വളന്റിയര്‍മാര്‍ എന്നിവരും ഫസ്റ്റ് ഏയ്ഡിനായി രംഗത്തുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."