മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു
മാള: ജനവാസ കേന്ദ്രത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് എരവത്തൂര്‍ തലയാക്കുളത്ത് ജനങ്ങള്‍ തിങ്ങിതാമസിക്കുന്നയിടത്താണ് മൊബൈല്‍ നെറ്റ് വര്‍ക്ക് ദാതാക്കളായ ഐഡിയയുടെ ഫോര്‍ജി ടവര്‍ സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നത്. ടവര്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന് ഏതാനും മീറ്റര്‍ മാത്രം ദൂരത്തുള്ള റോഡിനപ്പുറത്ത് നിരവധി വീടുകളാണുള്ളത്. തൊട്ടടുത്തായി ക്ഷേത്രവും അല്‍പ്പം നീങ്ങി പള്ളിയുമടക്കം നിരവധി സ്ഥാപനങ്ങളുമുണ്ട്. ഇതിനെതിരെ നാട്ടുകാരെല്ലാം വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
യുവതലമുറക്ക് അവരുടെ മൊബൈല്‍ ഫോണില്‍ നല്ല രീതിയിലുള്ള ഫോര്‍ജി നെറ്റ് വര്‍ക്ക് കിട്ടുമല്ലോയെന്ന ചിന്തയില്‍ യാതൊരു പ്രതികരണത്തിനും മുതിരുന്നില്ല. ഫോര്‍ജി ടവര്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി എരവത്തൂരിന്റെ വിവിധ ഭാഗങ്ങളില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളുമടക്കം നാട്ടിലെ ഭൂരിപക്ഷം ആളുകളും അനധികൃതമായി മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടും ടവര്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് കമ്പനിയും സ്ഥലമുടമയും പിന്‍മാറാത്തതിനെതിരെ നാളെ വൈകീട്ട് അഞ്ച് മണിക്ക് കുഴൂര്‍ ജംങ്ഷനില്‍ പ്രതിഷേധ പ്രകടനം നടക്കും.
പ്രതിഷേധ പ്രകടനത്തിലും പൊതു യോഗത്തിലും വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യസാംസ്‌കാരിക നേതാക്കളും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."