കെജ്‌രിവാളിന്റെ അറസ്റ്റിനെതിരായ പരാമര്‍ശത്തിലെ ഇന്ത്യയുടെ പ്രതിഷേധം വകവെക്കാതെ യു.എസ്, കോണ്‍ഗ്രസിന്റെ ഫണ്ട് മരവിപ്പിച്ചതിലും പ്രതികരണം
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെക്കുറിച്ചുള്ള പരാമര്‍ശത്തിലെ ഇന്ത്യയുടെ പ്രതിഷേധം വകവെക്കാതെ യു.എസ്. കെജ് രിവാളിന്റെ വിഷയത്തിലെ നിലപാട് ആവര്‍ത്തിച്ച യു.എസ് പ്രതിനിധി കോണ്‍ഗ്രസിന്റെ ഫണ്ട് തടഞ്ഞതുള്‍പെടെയുള്ള കേന്ദ്ര നിലപാടുകളിലും ആശങ്ക പ്രകടിപ്പിച്ചു. അമേരിക്ക ന്യായവും സുതാര്യവും സമയോചിതവുമായ നിയമനടപടികളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വക്താവ് മാത്യു മില്ലര്‍ വ്യക്തമാക്കി. ആരെങ്കിലും അതിനെ എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്നും കെജ്‌രിവാളിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സൂക്ഷ്മമായി പിന്തുടരുന്നത് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
'ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള ഈ നടപടികള്‍ ഞങ്ങള്‍ സൂക്ഷ്മമായി പിന്തുടരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഫലപ്രദമായി പ്രചാരണം നടത്തുന്നതിന് വെല്ലുവിളിയുണ്ടാക്കുന്ന തരത്തില്‍ ചില ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആരോപണങ്ങളും ഞങ്ങള്‍ക്കറിയാം. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ന്യായവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടികള്‍ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു,' യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പ്രതിഷേധം അറിയിക്കാന്‍ യുഎസ് മുതിര്‍ന്ന നയതന്ത്രജ്ഞയെ ഇന്ത്യ വിളിച്ചുവരുത്തിയത്. കെജ്‌രിവാളിന്റെ അറസ്റ്റ്, കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതുള്‍പ്പെടെയുള്ള സമീപകാല രാഷ്ട്രീയ പ്രതിസന്ധികള്‍, പ്രതിപക്ഷത്തിനെതിരെയുള്ള അടിച്ചമര്‍ത്തല്‍, തെരഞ്ഞെടുപ്പിന് മുമ്പായി രാജ്യം പ്രതിസന്ധി ഘട്ടത്തിലെത്തിയെന്ന ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ പ്രസ്താവന എന്നിവയെക്കുറിച്ചുള്ള അഭിപ്രായ പ്രകടനങ്ങളില്‍ അതൃപ്തി പ്രകടപ്പിച്ച് കൊണ്ട് കഴിഞ്ഞ യുഎസ് എംബസിയിലെ പൊതുകാര്യ വിഭാഗം മേധാവി ഗ്ലോറിയ ബെര്‍ബെനയെയാണ് ഇന്ത്യ വിളിച്ചുവരുത്തിയത്.
കെജ്‌രിവാളിനെതിരായ നിയമ നടപടിയില്‍ യഥാസമയത്തുള്ള സുതാര്യമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു യുഎസിന്റെ ആദ്യത്തെ പ്രതികരണം. പ്രസ്താവന അനാവശ്യമെന്നും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ അറിയിച്ചു. വിഷയത്തില്‍ പ്രതികരിച്ച ജര്‍മന്‍ വിദേശകാര്യ മന്ത്രിയുടെ നടപടിക്കെതിരെ ജര്‍മ്മനിയുടെ നയതന്ത്ര പ്രതിനിധിയെയും വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് ശേഷം ജര്‍മ്മനിയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിരുന്നില്ല. എന്നാല്‍ അമേരിക്ക നിലപാട് ആവര്‍ത്തിച്ചതില്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടി ഉറ്റുനോക്കപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."