തലവേദനയാകുന്ന സുരക്ഷയില്ലാത്ത എ.ടി.എമ്മുകള്‍
തൃശൂര്‍: കൃത്യമായ ആസൂത്രണത്തോടെയുള്ള തൃശൂരിലെ എ.ടി.എം കവര്‍ച്ചകള്‍ പൊലിസിനെയും ഞെട്ടിച്ചു. പുലര്‍ച്ചെ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചു എ.ടി.എമ്മുകള്‍ തകര്‍ത്താണ് 68 ലക്ഷം രൂപ കൊള്ളയടിച്ചത്. സുരക്ഷാസന്ദേശം ലഭിച്ച ബാങ്ക് കേന്ദ്രത്തില്‍ നിന്നാണ് പൊലിസ് ആദ്യം വിവരമറിഞ്ഞത്. ആദ്യം കവര്‍ച്ച നടന്ന മാപ്രാണത്ത് പൊലിസ് പരിശോധിക്കുന്നതിനിടെ കവര്‍ച്ചക്കാര്‍ മറ്റിടങ്ങളിലേക്ക് പോയിരുന്നു. എ.ടി.എമ്മുകളില്‍ ഒരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളുമുണ്ടായിരുന്നില്ലെന്ന സൗകര്യം ഉപയോഗപ്പെടുത്തിയാണ് കവര്‍ച്ച.
മോഷണം നടന്ന മാപ്രാണത്തെയും ഷൊര്‍ണൂര്‍ റോഡിലെയും കോലഴിയിലെയും എ.ടി.എമ്മുകള്‍ ഒരേ റൂട്ടിലാണ്. വ്യക്തമായ റൂട്ട് മാപ്പിട്ടായിരുന്നു മോഷണം എന്നാണ് സൂചന. എ.ടി.എമ്മില്‍ സുരക്ഷാ അലാറവും പ്രവര്‍ത്തിച്ചില്ല. തൃശൂരിലെ അതിര്‍ത്തികളിലെല്ലാം മോഷ്ടാക്കളെ കുടുക്കാന്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടും വല പൊട്ടിച്ച് കവര്‍ച്ചക്കാര്‍ നാമക്കല്‍ വരെ എത്തിയെന്നത് പൊലിസിനു ക്ഷീണമായി.
വെള്ളക്കാറിലാണ് മോഷ്ടാക്കള്‍ എത്തിയതെന്ന വിവരം പുലര്‍ച്ചെ അഞ്ചിന് പൊലിസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് വെള്ള നിറമുള്ള കാറിനായി ഊര്‍ജിത തിരച്ചില്‍ നടത്തുമ്പോള്‍ മോഷണസംഘം കണ്ടെയ്‌നര്‍ ലോറിയില്‍ തങ്ങളുടെ കാര്‍ കയറ്റി തമിഴ്നാട്ടിലേക്കുള്ള യാത്രയിലായിരുന്നു. മാപ്രാണത്തെ കവര്‍ച്ചയ്ക്കിടെ സുരക്ഷാഅലാറം എസ്.ബി.ഐ സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂമിലേക്കാണ് ആദ്യമെത്തിയത്. അവിടെ നിന്നാണ് പൊലിസിനു വിവരം കിട്ടുന്നത്. വിവരമറിഞ്ഞ് 10 മിനിറ്റിനകം പൊലിസ് സ്ഥലത്തെത്തി. അപ്പോഴേക്കും സംഘം രണ്ടാമത്തെ മോഷണത്തിലായിരുന്നു.
- ആദ്യകവര്‍ച്ച പുലര്‍ച്ചെ 2.10ന് മാപ്രാണത്ത്
പൊലിസിന് വിവരം കിട്ടിയത് 22 മിനിറ്റിനു ശേഷം - രണ്ടാംകവര്‍ച്ച പുലര്‍ച്ചെ 3.07 ന് ഷൊര്‍ണൂര്‍ റോഡില്‍
വിവരം കിട്ടിയത് 50 മിനിറ്റിനുശേഷം - മൂന്നാംകവര്‍ച്ച പുലര്‍ച്ചെ 3.58 കോലഴിയില്‍
വിവരം കിട്ടിയത് 20 മിനിറ്റിനു ശേഷം
നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് കണ്ടെയ്നര്‍ ലോറി
തൃശൂരിലെ മൂന്ന് എ.ടി.എമ്മുകളില്‍ നിന്ന് പണം മോഷ്ടിച്ച് പ്രതികള്‍ കടന്നുകളയാന്‍ ഉപയോഗിച്ച കണ്ടെയ്‌നര്‍ നാമക്കലില്‍ വച്ച് നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു. കണ്ടെയ്നര്‍ ലോറിയിലാണ് പ്രതികള്‍ പോകുന്നതെന്ന വിവരം കേരള പൊലിസില്‍നിന്ന് ലഭിച്ചതോടെ തമിഴ്‌നാട് പൊലിസ് നാമക്കല്‍ കുമാരപാളയം ജങ്ഷന്‍ ബൈപാസില്‍ രാവിലെ 8.45ഓടെ ഒരു ലോറി സംശയാസ്പദമായി കണ്ടെത്തി. കൈ കാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും വേഗത്തില്‍ മുന്നോട്ട് പോയി. പിന്തുടര്‍ന്നപ്പോള്‍ അടുത്ത ടോള്‍ ഗേറ്റിന് അടുത്ത് വച്ച് തിരിച്ച് മറ്റൊരു വഴിയിലേക്ക് പോകാന്‍ ശ്രമിച്ചു. ഇതിനിടെ നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു. ഇതോടെ നാട്ടുകാരാണ് ലോറി തടഞ്ഞിട്ടത്.
പിന്തുടര്‍ന്ന് പോയ പൊലിസ് സന്യാസിപ്പെട്ടിയില്‍ വാഹനം തടഞ്ഞ് ഡ്രൈവറെയും ലോറിയിലുണ്ടായിരുന്ന നാലുപേരെയും കസ്റ്റഡിയിലെടുത്തു. ഭാരം ഉള്ള വസ്തു ലോറിയിലുണ്ടെന്നു കണ്ടതോടെ കണ്ടെയ്‌നര്‍ തുറന്നു പരിശോധിച്ചപ്പോഴാണ് അകത്ത് കാറും രണ്ട് പേരെയും കണ്ടത്.
കണ്ടെയ്നര്‍ തുറന്നതും ഉള്ളിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടാന്‍ ശ്രമിച്ചപ്പോഴാണ് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയത്. ഇതിനിടയില്‍ സംഘത്തിലുണ്ടായിരുന്നവര്‍ വെടിയുതിര്‍ത്തപ്പോഴാണ് പൊലിസ് തിരിച്ചുവെടിവച്ചത്. നിരവധി വ്യാജ നമ്പര്‍ പ്ലേറ്റുകളും കണ്ടെത്തി. പിടിയിലായ ശേഷം രക്ഷപ്പെടാന്‍ ശ്രമം നടത്തിയ പ്രതികള്‍ക്കെതിരേ പൊലിസിനെ ആക്രമിച്ചതിന് അടക്കം കേസെടുക്കും.
Thrissur police were stunned by a series of ATM robberies using gas cutters, resulting in a theft of ₹68 lakh. The organized gang was apprehended after a dramatic chase.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."