യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍
ലഖ്‌നൗ: യു.പിയിലെ ഹാഥ്‌റസില്‍ രണ്ടാം ക്ലാസുകാരനെ സ്‌കൂളില്‍വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. സ്‌കൂള്‍ ഉടമ ജശോധന്‍ സിങ്, ഇയാളുടെ മകനും സ്‌കൂള്‍ ഡയറക്ടറുമായിരുന്ന ദിനേഷ് ബാഗേല്‍, മൂന്ന് അധ്യാപകര്‍ എന്നിവരാണ് അറസ്റ്റിലായത്. അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെട്ടാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നാണ് പൊലിസ് നിഗമനം. സഹപാവ് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ റാസ്ഗവാനിലെ ഡിഎല്‍ പബ്ലിക് സ്‌കൂളിലായിരുന്നു സംഭവം.
സ്‌കൂളിന്റെ അഭിവൃദ്ധിക്കും, യശ്ശസിനും വേണ്ടിയാണ് കുട്ടിയെ ബലികൊടുത്തതെന്ന് പ്രതികള്‍ പറഞ്ഞിരുന്നു. മുന്‍പ് മറ്റൊരു ആണ്‍കുട്ടിയെ നരബലി നടത്താന്‍ ശ്രമിച്ചെങ്കിലും, കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് പദ്ധതി പാളുകയായിരുന്നു. വൈദ്യപരിശോധനയില്‍ ഈ കുട്ടിയുടെ കഴുത്ത് ഞെരിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
സാമ്പത്തിക ഞെരുക്കത്തിലായ സ്‌കൂളിന്റെ അഭിവൃദ്ധിക്ക് വേണ്ടിയാണ് കുട്ടിയെ ബലികൊടുത്തത്. ബാഗേലിന്റെ പിതാവ് മന്ത്രവാദത്തിലും, താന്ത്രിക ആചാരങ്ങളിലും വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു. സെപ്റ്റംബര്‍ 22ന് സ്‌കൂളിന് പിറകിലുള്ള കുഴല്‍ക്കിണറിന് സമീപം രണ്ടാം ക്ലാസുകാരനെ ബലി നല്‍കാനായിരുന്നു ആസൂത്രണം. എന്നാല്‍ അവിടേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി ഉണരുകയും, ഇതില്‍ പരിഭ്രാന്തരായ പ്രതികള്‍ സ്‌കൂളില്‍ വെച്ച് തന്നെ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പൊലിസ് അന്വേഷണത്തില്‍ കുഴല്‍ക്കിണറിന് സമീപം മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കളും കണ്ടെടുത്തിരുന്നു.
ഏകദേശം 600 വിദ്യാര്‍ഥികളാണ് ഡി.എല്‍ പബ്ലിക് സ്‌കൂളില്‍ പഠിക്കുന്നത്. 1 മുതല്‍ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഹോസ്റ്റലില്‍ താമസ സൗകര്യമുള്ളത്. ഡല്‍ഹിയിലെ സ്വകാര്യ സ്ഥാപനത്തില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ കൃഷന്‍ കുശ്വാഹയാണ് കൊല്ലപ്പെട്ട വിദ്യാര്‍ഥിയുടെ പിതാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."