പഞ്ചായത്തുകള്‍ക്കു തെരുവുനായകളെ പേടിയോ?
മലപ്പുറം: തെരുവുനായകളുടെ ശല്യം ഇല്ലാതാക്കുന്നതിനു സഹായകമായ പദ്ധതികള്‍ ഗ്രാമപഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് ആവിഷ്‌കരിക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കിലും ഇതു വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതു ജില്ലയിലെ 40 പഞ്ചായത്തുകള്‍ മാത്രം. അതേസമയം, തെരുവുനായ നിയന്ത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്താത്ത പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതി അംഗീകാരം ആസൂത്രണ സമിതി അംഗീകാരം നല്‍കുന്നില്ല. അതിനാല്‍, ബാക്കിയുള്ള പഞ്ചായത്തുകളുടെ പദ്ധതിയില്‍കൂടി തെരുവുനായ നിയന്ത്രണത്തിന് തുക കണ്ടെത്താന്‍ നിര്‍ദേശം നല്‍കി.
തെരുവുനായ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരും സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ചു നിര്‍ദേശം നല്‍കിയത്. എന്നാല്‍, ഇതു പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കൃത്യമായ നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റമാര്‍ പറയുന്നത്. ഓരോ പഞ്ചായത്തും എത്ര തുക കണ്ടെത്തണമെന്നു നിര്‍ദേശം ലഭിച്ചിട്ടില്ല. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പല പഞ്ചായത്തുകളുടെ തുക തമ്മിലും ഏകീകരണമില്ല. വാര്‍ഷിക പദ്ധതി സമര്‍പ്പിച്ച് അംഗീകാരം നേടേണ്ട സമയമാണിപ്പോള്‍. എന്നാല്‍, തെരുവുനായ പ്രതിരോധത്തിനു വകയിരുത്തേണ്ട തുക സംബന്ധിച്ചു നിര്‍ദേശം ലഭിക്കാത്തതാണ് തദ്ദേശ സ്ഥാപനങ്ങളെ വലക്കുന്നത്. പലയിടങ്ങളിലും പദ്ധതി രൂപീകരണം പൂര്‍ത്തിയായി കഴിഞ്ഞതിനു ശേഷമാണ് ഇതു സംബന്ധിച്ചുള്ള നിര്‍ദേശം ലഭിച്ചത്.
തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി അവയെ നിശ്ചിത ദിവസത്തേക്കു പാര്‍പ്പിക്കുവാന്‍ ബ്ലോക്ക് പഞ്ചായത്തുതലത്തില്‍ ഷെല്‍ട്ടറുകള്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. വളര്‍ത്തുനായ്ക്കള്‍ക്കു ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികളും എല്ലാ ഗ്രാമപഞ്ചായത്തുകളും സ്വീകരിക്കണം. 2001ലെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടപ്രകാരം ഗ്രാമപഞ്ചായത്ത് തല കമ്മിറ്റികള്‍ രൂപീകരിക്കാത്തവര്‍ 31നു മുന്‍പായി രൂപീകരിക്കാനും നിര്‍ദേശമുണ്ട്. പഞ്ചായത്ത് പ്രദേശത്തെ മൃഗക്ഷേമ സംഘടനകള്‍ പഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്യണം. പദ്ധതി നടപ്പിലാക്കിയത് സംബന്ധിച്ചുള്ള പുരോഗതി എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് ഒന്നിനു മുന്‍പായി റിപ്പോര്‍ട്ട് ചെയ്യുകയും അതു പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അംഗീകരിക്കുകയും ചെയ്യണമെന്നാണ് നിര്‍ദേശമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."