തെരുവുനായ നിയന്ത്രണത്തിന് ജില്ലയില്‍ കര്‍മപദ്ധതി
മലപ്പുറം: തെരുവുനായകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കര്‍മപദ്ധതി നടപ്പിലാക്കും. ഇന്നലെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനാധ്യക്ഷന്മാരും സെക്രട്ടറിമാരും വൈറ്റിനറി ഡോക്ടര്‍മാരും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത സംയുക്ത യോഗത്തിലാണ് തീരുമാനം.
തെരുവുനായകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും അടിയന്തര യോഗം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. പഞ്ചായത്തുകളുടെ പദ്ധതിയില്‍ തെരുവുനായ നിയന്ത്രണത്തിനു തുക കണ്ടെത്താത്ത പഞ്ചായത്തുകള്‍ അതിനു തുക കണ്ടെത്തണമെന്നു യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കു നിര്‍ദേശം നല്കി. വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്കു ലൈസന്‍സ് നല്‍കണമെന്നു നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും ചുരുക്കം ചില പഞ്ചായത്തുകളിലേ ഇതു നിലവിലുള്ളൂ. അതിനാല്‍, എല്ലാ പഞ്ചായത്തുകളിലും വളര്‍ത്തുനായ്ക്കള്‍ക്കു ലൈസന്‍സ് നല്‍കണം.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്തുതല കമ്മിറ്റികള്‍ രൂപീകരിച്ചതു ജില്ലയിലെ 16 പഞ്ചായത്തുകളില്‍ മാത്രമാണ്. ബാക്കിയുള്ള പഞ്ചായത്തുകളില്‍കൂടി ഇതു രൂപീകരിക്കണമെന്നും നിര്‍ദേശം നല്കി. പദ്ധതി നടപ്പിലാക്കുന്നതു സംബന്ധിച്ചു കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ പഞ്ചായത്ത് പ്രസിഡന്റുമാരെ ഉള്‍പ്പെടുത്തി വീണ്ടും യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."