പ്രവാചകവചനത്തിന്റെ സന്ദേശം വിളിച്ചോതി വിദ്യാര്‍ഥികള്‍ അഗതി മന്ദിരത്തിലെത്തി
മഞ്ചേരി: ഉമ്മയുടെ കാല്‍പാദങ്ങള്‍ക്കു താഴെയാണ് സ്വര്‍ഗമെന്ന പ്രവാചക വചനത്തിന്റെ സന്ദേശവുമായി വിദ്യാര്‍ഥികള്‍ നടത്തിയ സ്‌നേഹയാത്ര ശ്രദ്ധേയമായി.
വയോധികരടക്കം നിരവധി പേര്‍ അശരണരും അഗഥികളുമായി കഴിയുന്ന പാണ്ടിക്കാട് സല്‍വാ കേന്ദ്രത്തിലേക്കാണ് പാണ്ടിക്കാട് ദാറുല്‍ ഇര്‍ഫാന്‍ ഇസ്‌ലാമിക് അക്കാദമിയിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ സന്ദേശയാത്ര നടത്തിയത്.
ചിരിച്ചും വരച്ചും കുറിച്ചും പാടിയും വയോധികര്‍ തൂവെള്ള വസ്ത്രധാരികളായ കുരുന്നുകളെ സ്വീകരിച്ചു. ജീവിതയാത്രക്കിടയില്‍ നിരാശയുടെ പടുകുഴിയില്‍ വീണ വയോധികരുടെ മുഖത്ത് സന്തോഷത്തിന്റെ തെളിനീര്‍ പൊടിയുന്നത് ഇത്തിരി സങ്കടത്തോടെയാണെങ്കിലും അവര്‍ നോക്കിനിന്നു. എട്ടാം തരം മലയാളം പാഠപുസ്തകത്തിലെ പി സുരേന്ദ്രന്റെ 'അമ്മമ്മ' എന്ന പാഠഭാഗവും മക്കളില്ലാത്തവര്‍ക്ക് മക്കളാവാന്‍ ഇവര്‍ക്ക് പ്രേരകമായി.
ഇനിയൊരു അഗതിമന്ദിരങ്ങള്‍ക്കും ഈ നാട്ടില്‍ ഇടം നല്‍കില്ലെന്ന് പ്രതിജ്ഞയെടുത്താണ് വിദ്യാര്‍ഥികള്‍ യാത്ര പറഞ്ഞത്.അധ്യാപകരായ ഹനീഫ് ഹുദവി വെള്ളിമുറ്റം, സിറാജ് ഹുദവി തെന്നല നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."