സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി
കോഴിക്കോട്: സൈബർകുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സൈബർ പൊലിസ് സ്‌റ്റേഷനുകളും ഇനി കാമറക്കണ്ണിലേക്ക്. സംസ്ഥാനത്തെ 20 സൈബർ സ്‌റ്റേഷനുകളിലും കാമറകൾ സ്ഥാപിക്കാൻ സർക്കാർ ഭരണാനുമതി നൽകി. സൈബർ സ്‌റ്റേഷനുകൾ കൂടാതെ എട്ട് തീരദേശ സ്‌റ്റേഷനുകളിൽ കൂടി കാമറകൾ സ്ഥാപിക്കും.
28 സ്‌റ്റേഷനുകളിൽ കാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.പി ഷേഖ് ദർവേഷ് സാഹേബ് സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് സൈബർ, കോസ്റ്റൽ സ്‌റ്റേഷനുകളിൽ സി.സി.ടിവി കാമറകൾ സ്ഥാപിക്കാൻ ഭരണാനുമതി നൽകിയത്. രാജ്യത്തെ എല്ലാ പൊലിസ് സ്‌റ്റേഷനുകളിലും സി.സി.ടി.വി കാമറ സ്ഥാപിക്കാൻ സുപ്രിംകോടതി 2020 ൽ നിർദേശം നൽകിയിട്ടുണ്ട്.
പൊലിസ് സ്‌റ്റേഷന്റെ പ്രവേശന കവാടങ്ങൾ, പിൻവശം, ലോക്കപ്പ്, ഇടനാഴി, വരാന്ത, ഔട്ട് ഹൗസ്, റിസപ്ഷൻ, പരിസരം, ശുചിമുറിയുടെ പുറംഭാഗം ഇൻസ്പക്ടറുടെ മുറി തുടങ്ങി എല്ലാ ഭാഗത്തും കാമറ സ്ഥാപിക്കണമെന്നായിരുന്നു നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ 483 പൊലിസ് സ്‌റ്റേഷനുകളിലും 13 റെയിൽവേ പൊലിസ് സ്‌റ്റേഷനുകളിലും 14 വനിതാ പൊലിസ് സ്‌റ്റേഷനുകളിലും 10 കോസ്റ്റൽ പൊലിസ് സ്‌റ്റേഷനിലുമുൾപ്പെടെ 520 സ്‌റ്റേഷനുകളിൽ കാമറ സ്ഥാപിച്ചിരുന്നു. അവശേഷിക്കുന്ന 28 സ്‌റ്റേഷനുകളിലാണ് പുതുതായി കാമറകൾ സ്ഥാപിക്കുന്നത്.
ഡൽഹിയിലെ ടെലികമ്മ്യൂണിക്കേഷൻസ് കൺസൾട്ടൻസ് ഇന്ത്യ ലിമിറ്റഡ് (ടി.സി.ഐ.എൽ) നേരിട്ടാണ് കാമറകൾ സ്ഥാപിക്കുന്നത്. 520 സ്റ്റേഷനുകളിൽ കാമറകൾ സ്ഥാപിക്കുന്നതിനായി 39.64 കോടിയുടെ കരാറായിരുന്നു ഉണ്ടായിരുന്നത്. നിലവിലെ 28 എണ്ണം കൂടി ഉൾപ്പെടുത്തി 42 കോടിയുടെ പദ്ധതിക്കാണ് ഭരണാനുമതി നൽകിയത്. വർധിച്ചുവരുന്ന സൈബർ അതിക്രമങ്ങൾക്കെതിരേ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സൈബർ പൊലിസ് സ്‌റ്റേഷൻ ആരംഭിച്ചത്.
കേസുകളുമായി ബന്ധപ്പെട്ട് നിരവധി പേരെ പിടികൂടുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം നടപടികൾക്കിടെ ഏതെങ്കിലും രീതിയിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കുന്നതിന് കാമറകൾ ഏറെ സഹായകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."