ഇന്ത്യൻ കാപ്പിക്ക് ഇത് നല്ല സമയം; വില സർവകാല റെക്കോർഡിൽ
രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കാപ്പിക്ക് ആവശ്യക്കാർ ഏറിയതോടെ കാപ്പിയ്ക്ക് റെക്കോർഡ് വിലയായി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. കാപ്പി പരിപ്പ് ക്വിന്റലിന് ഇന്നലെ 32,500 രൂപയും ഉണ്ട കാപ്പി ക്വിന്റലിന് 19,500രൂപയുമാണ് വിപണിയിൽ വില. കഴിഞ്ഞ സീസണിൽ ഈ സമയത്ത് കാപ്പി പരിപ്പ് ക്വിന്റലിന് 21,000 രൂപ ആയിരുന്നു. ഇതാണ് 11,500 രൂപ വർധിച്ച് 32,500 രൂപയിലെത്തിയത്.
വയനാട്ടിൽ ചില ടൗണുകളിൽ ഉണ്ട കാപ്പി 54 കിലോയുടെ ഒരു ചാക്ക് അടിസ്ഥാനത്തിലും കർഷകരിൽ നിന്ന് എടുക്കുന്നുണ്ട്. ചാക്കിന് ഇന്നലെ 10,000 രൂപയാണ് വില. കർണാടകയിൽ നിന്ന് എത്തുന്ന വ്യാപാരികൾ ചാക്കിന് 10,500 രൂപയ്ക്കും കാപ്പി വാങ്ങുന്നുണ്ട്.
അതേസമയം, ഈ വർഷം വിളവെടുപ്പ് ആരംഭം മുതൽ കാപ്പിക്ക് മികച്ച വില ഉണ്ടായിരുന്നു. കഴിഞ്ഞ ജൂണിൽ ആയിരുന്നു ഇതിനു മുൻപ് കാപ്പി റെക്കോർഡ് വിലയിലേക്ക് എത്തിയത്. അന്ന് പരിപ്പ് ക്വിന്റലിന് 25,000 രൂപയായിരുന്നു. ലോകത്തെ കാപ്പി ഉൽപാദന രാജ്യങ്ങളിൽ കുറച്ചു വർഷമായി വിവിധ കാലാവസ്ഥാ കാരണങ്ങളാൽ ഉൽപാദനം കുറഞ്ഞിട്ടുമുണ്ട്. ഇതാണ് നിലവിൽ ഇന്ത്യയ്ക്ക് നേട്ടമായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."