സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; ഡി.വൈ.എഫ്.ഐ മുന്‍ ജില്ല നേതാവിനെ അറസ്റ്റ് ചെയ്തു
കാസര്‍ഗോഡ്: ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ ഡി.വൈ.എഫ്.ഐ മുന്‍ കാസര്‍ഗോഡ് ജില്ല കമ്മിറ്റി അംഗം സച്ചിത റൈയേ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയ പ്രതിയെ അഭിഭാഷകന്റെ ഓഫീസില്‍ വെച്ചാണ് വിദ്യാഗനര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ചുരുങ്ങിയത് മൂന്ന് കോടിക്കടുത്ത് ഇവര്‍ തട്ടിയെടുത്തെന്നാണ് ആരോപണമുള്ളത്. 11 കേസുകളാണ് സച്ചിതക്കെതിരെ ചുമത്തിയിട്ടുള്ളത്.
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്റ് മാനേജര്‍, കര്‍ണാടക എക്‌സൈസില്‍ ക്ലര്‍ക്ക്, എസ്ബിഐ ബാങ്കില്‍ ഉദ്യോഗം, കേന്ദ്രീയ വിദ്യാലയത്തില്‍ ജോലി എന്നിങ്ങനെയാണ് പലര്‍ക്കും വാഗ്ദാനം ചെയ്തത്. മഞ്ചേശ്വരം ബാഡൂരിലെ സ്‌കൂള്‍ അധ്യാപികയായ സച്ചിത റൈ, ഡിവൈഎഫ്‌ഐ നേതാവെന്ന നിലയിലെ പ്രവര്‍ത്തന മികവിലെ വിശ്വാസ്യത നേടിയാണ് പലരെയും പറ്റിച്ചത്. ഒരു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ പലരില്‍ നിന്നായി വിവിധ ജോലികള്‍ വാഗ്ദാനം ചെയ്ത് തട്ടിയെടുത്തതായാണ് പരാതി.
കര്‍ണാടക എക്‌സൈസില്‍ ജോലി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ബാഡൂര്‍ സ്വദേശി മലേഷില്‍ നിന്ന് ഒരു ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. കേസുകളില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇതിനിടെ പ്രതിയെ അറസ്റ്റ് ചെയ്യാനുണ്ടായ കാലതാമസം പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. രാഷ്ട്രീയ സ്വാധീനമാണ് പൊലിസിന്റെ അനാസ്ഥക്ക് കാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഇന്ന് കീഴടങ്ങാനെത്തിയ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
case of stealing crores from the government job offer DYFI arrested former district leader
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."