ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച ദോഹയില്‍ പുനരാരംഭിക്കും
ദോഹ: ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ദോഹയില്‍ പുനരാരംഭിക്കുമെന്ന് യു.എസും ഖത്തറും അറിയിച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ ആല്‍ഥാനിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് 11ാം തവണയും ആന്റണി ബ്ലിങ്കന്‍ പശ്ചിമേഷ്യയിലെത്തിയത്.
ഇസ്‌റാഈല്‍, സഊദി അറേബ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ആന്റണി ബ്ലിങ്കന്‍ ദോഹയിലെത്തിയത്. ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കുകയും ഹമാസിന്റെ പിടിയിലുള്ള തടവുകാരെ മോചിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ബ്ലിങ്കന്‍ പറഞ്ഞു.
എന്നാല്‍, ഏത് ദിവസം ചര്‍ച്ച ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഞായറാഴ്ച ഇസ്‌റാഈല്‍ പ്രതിനിധികള്‍ ഖത്തറിലെത്തും.
മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി വരും ദിവസങ്ങളില്‍തന്നെ അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും പ്രതിനിധികള്‍ ദോഹയിലെത്തുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
ആഗസ്റ്റില്‍ ഖത്തറിലും ഈജിപ്തിലെ കൈറോയിലുമായി നടന്ന മധ്യസ്ഥ ചര്‍ച്ചകള്‍ പരാജയപ്പെട്ടത് യഹ്‌യ സിന്‍വാറിന്റെ കടുംപിടിത്തം കാരണമാണെന്ന് ബ്ലിങ്കന്‍ ആരോപിച്ചു. അദ്ദേഹത്തിന്റെ മരണത്തോടെ പുതിയ സാധ്യതകള്‍ തെളിഞ്ഞിരിക്കുന്നുവെന്നും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു. യുദ്ധം അവസാനിപ്പിച്ച് ഇസ്‌റാഈല്‍ പിന്‍വാങ്ങാനും, ഹമാസിനെ അകറ്റി നിര്‍ത്തി ഫലസ്തീന്‍ പുനര്‍നിര്‍മാണവും ഭാവിയും സാധ്യമാക്കുന്ന തരത്തിലാണ് ചര്‍ച്ചകള്‍ നടക്കുകയെന്ന് ബ്ലിങ്കന്‍ വ്യക്തമാക്കി.
അതേ സമയം ചര്‍ച്ചകളോട് ഹമാസ് എങ്ങനെയാകും പ്രതികരിക്കുകയെന്നതില്‍ വ്യക്തതയില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. സിന്‍വാറിന്റെ മരണത്തിനു പിന്നാലെ ദോഹയിലെ ഹമാസ് നേതാക്കളുമായി ആശയ വിനിമയം നടത്തിയതായും അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഷം പിന്നിട്ട ഇസ്‌റാഈലിന്റെ ഗസ്സ ആക്രമണത്തില്‍ ഇതുവരെയായി 42,800ലേറെ പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം ആരംഭിച്ച ശേഷം വിവിധ മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുടെ 11ാമത്തെ സന്ദര്‍ശനമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."