അശാസ്ത്രീയ കീടനാശിനി പ്രയോഗം: പത്തു തൊഴിലാളികള്‍ ആശുപത്രിയില്‍
അഞ്ചല്‍: അശാസ്ത്രീയമായ രീതിയില്‍ കീടനാശിനി പ്രയോഗിച്ച പത്ത് തൊഴിലാളികളെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചല്‍ വടമണ്‍ ഒരുനട റേച്ചല്‍ റബര്‍ എസ്റ്ററ്റേറ്റിലെ ഉഷ(44), രാധ(58), അന്നമ്മ(51), ഉഷ(43), ചന്ദ്രിക(46), സുലോചന(48), സതീഭായി(56), പ്രസന്ന(57), സിന്ധു(44), വിജയന്‍(51) എന്നിവരെയാണ് പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. എസ്‌റ്റേറ്റിലെ റബര്‍ മുറിച്ചു മാറ്റിയ 40 ഏക്കറോളം സ്ഥലത്ത് ഉടമ കൈത കൃഷി നടത്തിയിരുന്നു. ഇതില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി കീടനാശിനി പ്രയോഗം നടത്തി വരികയായിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ അഞ്ചല്‍ ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, അഞ്ചല്‍ കൃഷി ഓഫിസര്‍ എന്നിവര്‍ക്ക് പരാതിയും നല്‍കിയിരുന്നു. തുടര്‍ന്നു കൃഷി ഓഫിസര്‍ സ്ഥലത്തെത്തി ഉടമയോട് അനുവദനീയമായ അളവില്‍ കൂടുതല്‍ കീടനാശിനി പ്രയോഗിക്കരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത് ലംഘിച്ച മാനേജര്‍ സംഭവം ദിവസം പുലര്‍ച്ചെ ആറര മുതല്‍ തൊഴിലാളികളെകൊണ്ട് എസ്റ്റേറ്റ് ഓഫിസ് പരിസരത്തും, റോഡിലും കീടനാശിനി തളിപ്പിച്ചു.വീര്യം കൂടാന്‍ വേണ്ടി നിശ്ചിത അളവില്‍ കൂടുതല്‍ കീടനാശിനി കുറച്ചുമാത്രം വെള്ളത്തില്‍ ലയിപ്പിച്ചാണ് നല്‍കിയതെന്ന്
തൊഴിലാളികള്‍ പറഞ്ഞു. ശാരീരികാസ്വാസ്ഥ്യമുണ്ടെന്ന് മാനേജരോട് പറഞ്ഞപ്പോള്‍ തങ്ങളെ ഭീഷണിപ്പെടുത്തി ജോലി ചെയ്യിച്ചെന്നും തൊഴിലാളികള്‍ പറഞ്ഞു.
എസ്റ്റേറ്റിലെ തൊഴിലാളികളുമായി മാനേജ്‌മെന്റിന് ചില തര്‍ക്കങ്ങള്‍ നിലവിലുണ്ടെന്നും അതിന്റെ പ്രതികാര നടപടിയാണിതെന്നും സമീപവാസികള്‍ പറയുന്നു. തൊഴിലാളികള്‍ കുഴഞ്ഞു വീണതറിഞ്ഞ് അഞ്ചല്‍ കൃഷിഓഫീസര്‍ കീടനാശിനി പ്രയോഗം നിര്‍ത്തിവെക്കാന്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. അഞ്ചല്‍ പൊലിസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."