മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍
കൊച്ചി: മുനമ്പം വിഷയത്തില്‍ കാലതാമസം കൂടാതെ പരിഹാരം കാണണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കാലതാമസം കൂടുന്തോറും വിഷയത്തിന്റെ സങ്കീര്‍ണത വര്‍ധിക്കുകയാണ്. പരിഹാരത്തിന് സര്‍ക്കാരാണ് മുന്‍കൈയെടുക്കേണ്ടതെന്നും തങ്ങള്‍ പറഞ്ഞു. മുനമ്പം വിഷയം പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനായി ലത്തീന്‍ കത്തോലിക്ക സമുദായ നേതൃത്വവുമായും മുനമ്പം ഭൂസംരക്ഷണ സമിതിയുമായും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപതയുടെ മറൈന്‍ഡ്രൈവിലെ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.
എത്രയും പെട്ടെന്ന് പ്രശ്‌ന പരിഹാരത്തിന് ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചയാണ് നടന്നതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. വളരെ നല്ല നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചത്. ഈ വിഷയത്തില്‍ നിയമപരമായും വസ്തുതാപരമായും കാര്യങ്ങളുണ്ടെന്ന ഏകാഭിപ്രായമാണ് ചര്‍ച്ചയില്‍ ഉണ്ടായത്. സര്‍ക്കാര്‍ ഇടപെട്ട് സത്വരമായ പരിഹാരം ഉണ്ടാക്കണം. എല്ലാ കക്ഷികളെയും വിളിച്ച് സമ്പൂര്‍ണമായ ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കണമെന്ന ആവശ്യവും മെത്രാന്‍മാരുമായുളള കൂടിയാലോചനയില്‍ ഉയര്‍ന്നതായും അദ്ദേഹം പറഞ്ഞു.
സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ചര്‍ച്ചയ്ക്ക് വന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലത്തീന്‍ സഭാ അധ്യക്ഷന്‍ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു. മുനമ്പം വിഷയം പരിഹരിക്കുന്നതിനായി ഇരുവരും പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാവരും ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ അഭിമാനമുണ്ട്. നിലവിലെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് എല്ലാവരുടെയും വിശ്വാസം. സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരമുണ്ടാക്കാമെന്ന ശുഭാപ്തി വിശ്വാസവും ഞങ്ങള്‍ക്കുണ്ട്. ഇവിടെയുള്ള മതമൈത്രി നിലനിര്‍ത്തേണ്ടതുണ്ട്. മുനമ്പത്തേത് മാനുഷിക പ്രശ്‌നമാണ്. 600ലേറെ കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നമാണ്. അത് പരിഹരിക്കപ്പെടണമെന്നും ബിഷപ്പ് പ്രതികരിച്ചു.
മുനമ്പം വിഷയം വളരെ വേഗം പരിഹരിക്കാന്‍ കഴിയുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സൗഹൃദാന്തരീക്ഷത്തിലാണ് ചര്‍ച്ച നടന്നത്. മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയുമെന്നതില്‍ യാതൊരു സംശയവുമില്ല. തടസമാകുന്നത് ചില സാങ്കേതിക പ്രശ്‌നങ്ങളാണ്. ഇത് പരിഹരിക്കാനാണ് സര്‍ക്കാര്‍ യോഗം വിളിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് ഫാറൂഖ് കോളജ് കമ്മിറ്റി, മുസ്‌ലിം സംഘടനകള്‍ തുടങ്ങിയവരുടെ യോഗം തങ്ങള്‍ വിളിച്ചിരുന്നു. അവരൊക്കെ ഈ വിഷയം രമ്യമായി പരിഹരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വിഷയത്തില്‍ സര്‍ക്കാരുമായി സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആര്‍ച്ച് ബിഷപ്പുമാരായ ഡോ.ജോസഫ് കളത്തിപ്പറമ്പില്‍, ഡോ.തോമസ് നെറ്റോ എന്നിവര്‍ ഉള്‍പ്പെടെ ലത്തീന്‍ രൂപതകളിലെ എല്ലാ മെത്രാന്മാരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.മുഹമ്മദ് ഷാ, കെ.ആര്‍.എല്‍.സി.സി ജനറല്‍ സെക്രട്ടറി ഫാ.തോമസ് തറയില്‍, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെ.എല്‍.സി.എ പ്രസിഡന്റ് ഷെറി ജെ. തോമസ്, ഫാ.ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കപ്പറമ്പില്‍, മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളായ ഫാ.ആന്റണി സേവ്യര്‍ തറയില്‍, സെബാസ്റ്റിന്‍ റോക്കി, ജോസഫ് ബെന്നി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രശ്‌നപരിഹാരത്തിനായുള്ള സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങള്‍ക്കും യോഗം പിന്തുണ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."