ജില്ലയിലേക്ക് സ്പിരിറ്റ് ഒഴുകുന്നു; വാറ്റുകേന്ദ്രങ്ങളും സജീവം
കായംകുളം: ഓണാഘോഷം ലക്ഷ്യമാക്കി ജില്ലയിലേക്ക് ലോഡ് കണക്കിന് സ്പിരിറ്റ് ഒഴുകുന്നു. ഓണ വ്യാപാരം മുന്നില്‍കണ്ടാണ് വ്യാജമദ്യമാഫിയ അന്യ സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്കു സ്പിരിറ്റ് കടത്തുന്നത്.
ആന്ധ്രപ്രദേശ്, കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് സ്പിരിറ്റ് എത്തുന്നത്. ഇറച്ചിക്കോഴിയും, പച്ചക്കറിയും മറ്റ് പലചരക്ക് വസ്തുക്കളും കൊണ്ടുവരുന്ന ലോറികളില്‍ കയറ്റിയാണ് സ്പിരിറ്റ് കടത്തുന്നത്. ഇങ്ങനെ കൊണ്ടുവരുന്ന സ്പിരിറ്റ് വ്യാജ മദ്യ മാഫിയയുടെ കേന്ദ്രങ്ങളിലെത്തിക്കുകയാണ് പതിവ്. കൊച്ചി, ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘങ്ങളാണ് ഇവര്‍ക്കുവേണ്ടി സഹായം ചെയ്യുന്നത്.
എക്‌സൈസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദവും സ്പിരിറ്റ് കടത്തുന്ന സമയത്ത് ലഭിക്കുന്നുണ്ട്. മദ്യമാഫിയയുടെ രഹസ്യ കേന്ദ്രങ്ങളിലെത്തുന്ന സ്പിരിറ്റ് ഉപയോഗിച്ച് വ്യാജമദ്യം നിര്‍മിച്ച് വില്‍പനനടത്തുകയാണ് ഇവര്‍ചെയ്യുന്നത്. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് വ്യാജമദ്യ വില്‍പന കൂടുതലായും നടക്കുന്നത്.
ഇവരുടെ ലേബര്‍ ക്യാമ്പുകളില്‍ വന്‍തോതില്‍ വ്യാജമദ്യം സ്റ്റോക്ക് ചെയ്തിട്ടുണ്ട് എന്നുള്ളവിവരം പൊലിസിലെ രഹസ്യാന്വേഷണവിഭാഗത്തിന് ലഭിച്ചു.
ഓണ വിപണി മുന്നില്‍കണ്ടാണ് ഇക്കൂട്ടര്‍ ലോഡുകണക്കിന് സ്പിരിറ്റ് സംസ്ഥാനത്ത് എത്തിച്ചിരിക്കുകയാണ്.
കേരളത്തിലെ ചെക്കുപോസ്റ്റുകളില്‍ ഉദ്യോഗസ്ഥര്‍ക്ക് മാസപ്പടിയുള്ളതിനാല്‍ സ്പിരിറ്റ് കടത്തികൊണ്ടുവരുന്ന വാഹനങ്ങള്‍ പരിശോധിക്കാതെ വിടുകയാണ് പതിവ്.
സ്പിരിറ്റിന്റെ വരവുകൂടാതെ പലയിടങ്ങളിലും വാറ്റ്‌കേന്ദ്രങ്ങള്‍ ധാരാളമായി നടക്കുന്നുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ടെങ്കിലും ഇതുവരെയും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. തീരദേശങ്ങളില്‍ വള്ളത്തിലും, താമസമില്ലാത്ത പുരയിടങ്ങളിലും ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് വന്‍തോതില്‍ വാറ്റുനടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."