മനുഷ്യാവകാശ കമ്മിഷന്‍ പുതിയ ചെയര്‍മാന്‍ നിയമനം സര്‍ക്കാരിന് കീറാമുട്ടിയാകും
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി ശനിയാഴ്ച പടിയിറങ്ങുന്നതോടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ആളെ കണ്ടെത്തുന്നത് സര്‍ക്കാരിന് കീറാമുട്ടിയാകും. രാഷ്ട്രീയ നിയമനമാണെങ്കിലും അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിയമനം നടത്തുന്നതിന് വ്യക്തമായ മാനദണ്ഡം പുറപ്പെടുവിച്ചിട്ടുണ്ട്.
70 വയസില്‍ താഴെയുള്ള ചീഫ് ജസ്റ്റിസ് പദവിയിലിരുന്നവരെമാത്രമേ കമ്മിഷന്‍ ചെയര്‍മാന്‍ പദവിയിലേയ്ക്ക് നിയമിക്കാവൂ എന്നാണ് ചട്ടം. ജസ്റ്റിസ് ജെ.ബി കോശി വിരമിക്കുന്നതോടെ ഇതേ യോഗ്യതയുള്ള ഒരു മലയാളി മാത്രമേ ഉള്ളൂ. ചീഫ് ജസ്റ്റിസായ സേവനം അനുഷ്ഠിച്ചിട്ടുള്ള ജസ്റ്റിസ് പയസ് കുര്യാക്കോസ്. അദ്ദേഹത്തെ ലോകായുക്തയായി നിയമിച്ചിട്ടുണ്ട്. നിലവിലെ അധ്യക്ഷനായ ജസ്റ്റിസ് ജെ.ബി കോശിയ്ക്ക് 70 വയസ് ആയതിനാല്‍ ഇനി അഞ്ചു വര്‍ഷത്തേയ്ക്ക് നിയമിക്കാനും സാധ്യതയില്ല. കാരണം 70 - ാ മത്തെ വയസില്‍ വിരമിക്കണമെന്ന ചട്ടവും നിലവിലുണ്ട്.
അതുകൊണ്ടുതന്നെ പുറത്തു നിന്ന് ഈ യോഗ്യതയുള്ളയാളെ കണ്ടെത്തേണ്ടി വരും. മലയാളം അറിഞ്ഞു കൂടാത്തവരാണ് ഈ പദവിയിലേക്ക് നിയോഗിക്കപ്പെടുന്നതെങ്കില്‍ സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മിഷന്റെ പ്രവര്‍ത്തനം താളം തെറ്റും. കാരണം പാവപ്പെട്ടവര്‍ നേരിട്ടാണ് അധ്യക്ഷന്റെ അടുത്തെത്തി പരാതി ബോധിപ്പിക്കുന്നത്. മലയാളം അറിഞ്ഞു കൂടാത്തയാളാകുമ്പോള്‍ പരാതികള്‍ കേള്‍ക്കുന്നതും തീര്‍പ്പാക്കുന്നതും മെമ്പര്‍മാര്‍ വഴിയാക്കേണ്ടി വരും.
ജസ്റ്റിസ് ജെ.ബി കോശിയ്ക്ക് പകരം സി.പി.എം ആളെ അന്വേഷിച്ച് തുടങ്ങിയിട്ടുണ്ട്. അതേസമയം, മൂന്നാം തീയതി ജസ്റ്റിസ് ജെ.ബി കോശി വിരമിക്കുന്നതോടെ നിലവിലെ രണ്ടു മെമ്പര്‍മാരായ അഡ്വ. മോഹന്‍കുമാര്‍, പി.മോഹനദാസ് എന്നിവരില്‍ ആരെയെങ്കിലും ആക്ടിങ് ചെയര്‍മാനായി തെരഞ്ഞെടുത്ത് ഗവര്‍ണര്‍ ഉത്തരവിറക്കും. ഇവര്‍ക്ക് താല്‍ക്കാലിക ചുമതല മാത്രമേ ഉണ്ടാകുകയുള്ളൂ. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ കേസുകള്‍ അധികമുള്ളതിനാല്‍ ഇവര്‍ക്ക് അധികകാലം താല്‍ക്കാലിക ചുമതലയില്‍ തുടരാനും കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."