സംസ്ഥാനത്ത് വേസ്റ്റ് ലാന്‍ഡ് മാപ്പിങ് നടത്താനൊരുങ്ങി ഐ.എസ്.ആര്‍.ഒ
തിരുവനന്തപുരം: സംസ്ഥാനത്തെ തരിശുഭൂമികളുടെ കണക്കെടുക്കാന്‍ വേസ്റ്റ് ലാന്‍ഡ് മാപ്പിങ് നടത്താനൊരുങ്ങി ഐ.എസ്.ആര്‍.ഒ. കൃഷി ചെയ്യാന്‍ കഴിയാത്ത സ്ഥലങ്ങള്‍, ചതുപ്പുനിലങ്ങള്‍, സര്‍ക്കാര്‍ പുറമ്പോക്കുകള്‍, മാലിന്യം തള്ളുന്ന സ്ഥലങ്ങള്‍, റിസര്‍വോയറുകളിലെ സ്ഥലങ്ങള്‍ തുടങ്ങിയ പ്രദേശങ്ങള്‍ സംസ്ഥാനത്താകെ എത്രയുണ്ടെന്നും, എവിടെയൊക്കെയാണെന്നുമുള്ള കൃത്യമായ കണക്കെടുപ്പാണ് ലക്ഷ്യം.
ഐ.എസ്.ആര്‍.ഒയുടെ സ്റ്റേറ്റ് നോഡല്‍ സെന്ററായ കെസ്‌റെക് (കേരള സ്‌റ്റേറ്റ് റിമോര്‍ട്ട് സെന്‍സിങ് ആന്‍ഡ് എണ്‍വയോണ്‍മെന്റ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട്) ആണ് നടത്തുന്നത്. കെസ്‌റെക് ശേഖരിക്കുന്ന വിവരങ്ങളും മാപ്പിങും ഐ.എസ്.ആര്‍.ഒയുടെ വെബ്‌സൈറ്റായ ഭുവനിലേക്ക് അപ്‌ലോഡ് ചെയ്യും. ഐ.എസ്.ആര്‍.ഒ തന്നെയാണ് വേസ്റ്റ് ലാന്‍ഡ് മാപ്പിങിനാവശ്യമായ ഫണ്ടും ചെലവഴിക്കുക. ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് സംസ്ഥാനത്ത് ആരംഭിക്കുന്ന രണ്ടാമത്തെ പ്രോജക്ടാണിത്.
ആദ്യം നെല്‍വയല്‍ തണ്ണീര്‍ത്തട ഡാറ്റാബാങ്ക് നിര്‍മാണത്തിന്റെ പൈലറ്റ് പ്രോജക്ട് പൂര്‍ത്തിയാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് ഏറെ പ്രയോജനകരമാകുന്നതാണ് വേസ്റ്റ് ലാന്‍ഡ് മാപ്പിങ്. തരിശായി കിടക്കുന്ന ഭൂമികളുടെ പൂര്‍ണ രൂപം ലഭിക്കുന്നതിനൊപ്പം, അവ എവിടെയൊക്കെയാണെന്നും അറിയാന്‍ കഴിയും. തരിശുഭൂമികളില്‍ കെ.എസ്.ഇ.ബി തന്നെ പുതിയൊരു പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഇത്തരം സ്ഥലങ്ങളില്‍ സോളാര്‍ ഫാമുകള്‍ നിര്‍മിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍, സര്‍ക്കാരിന്റെ ഭാഗത്തുനിന്നു അനുകൂല തീരുമാനം ലഭിച്ചിട്ടില്ല. ഇതിനുകാരണം, തരിശുഭൂമികളുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലാത്തതു കൊണ്ടാണെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നു. സംസ്ഥാനത്തെ തരിശുഭൂമികളിലെല്ലാം സോളാര്‍ ഫാമുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാകും.
കൂടാതെ, പ്രദേശിക ആവശ്യങ്ങള്‍ക്കു വേണ്ടുന്ന വൈദ്യുതി അതാതു സോളാര്‍ ഫാമുകളില്‍ നിന്നു തന്നെ ഉല്‍പ്പാദിപ്പിക്കാനാകുമെന്നും കെ.എസ്.ഇ.ബി. സംസ്ഥാനത്തെ റിസര്‍വോയറുകളെ കേന്ദ്രീകരിച്ച് വ്യാപകമായി സോളാര്‍ ഊര്‍ജ്ജത്തില്‍ നിന്നു വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ചും ആലോചനയുണ്ട്. റിസര്‍വോയറുകളുടെ കൃത്യമായ ദൂരം, വീതി എന്നിവ അറിയുക, എത്ര പാനലുകള്‍ സ്ഥാപിക്കാനാകുമെന്ന കണക്കെടുപ്പു നടത്തുക എന്നതിനൊക്കെ മാപ്പിങ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. കൂടാതെ റിസര്‍വോയറുകളില്‍ സോളാര്‍പാനലുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബോര്‍ഡ് യോഗം അനുമതി നല്‍കുകയും വേണം. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് ഐ.എസ്.ആര്‍.ഒയുടെ വേസ്റ്റ് ലാന്‍ഡ് മാപ്പിങ് പദ്ധതിയെ കെ.എസ്.ഇ.ബി അനുകൂലിക്കുന്നത്. വേസ്റ്റ് ലാന്‍ഡ് മാപ്പിങ് പദ്ധതി കെസ്‌റെക് രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. സാറ്റലൈറ്റ് ഹൈ റെസല്യൂഷന്‍ പിക്ച്ചറുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലും ഇത്തരം പദ്ധതികള്‍ നടത്തുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ തന്നെ ഈ പദ്ധതിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."