പൊലിസ് നിരന്തരം ശല്യം ചെയ്യുന്നുവെന്ന് യുവതിയുടെ പരാതി
നിലമ്പൂര്‍: താമസിക്കുന്ന സ്വന്തം സ്ഥലത്തുനിന്നും ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ടു പൊലിസ് നിരന്തരം ശല്യം ചെയ്യുകയാണെന്നു യുവതിയുടെ പരാതി. പോത്ത്കല്ല് മുണ്ടേരി മുറംതൂക്കി വരേനാട് ഷൈനി(33)യാണു നിലമ്പൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പോത്ത്കല്ല് എസ്.ഐക്കെതിരേ പരാതി ഉന്നയിച്ചത്.
ഷൈനിയുടെ മാതാവ് റോസക്കുട്ടിയുടെ പരാതിയിലാണ് എസ്.ഐയുടെ നടപടി. ഇവരുടെ പിതാവിന്റെ പേരിലുണ്ടായിരുന്ന സ്ഥലം പിതാവിന്റെ മരണശേഷം മാതാവു മക്കളുടെ പേരില്‍ ഭാഗം വെച്ചിരുന്നു. ഇതില്‍ 10 സെന്റ് സ്ഥലവും തറവാടും ആര്‍ക്കും നല്‍കാതെ കൂട്ടുസ്വത്താക്കി വെക്കുകയും ചെയ്തു.
എട്ടു മക്കളില്‍ ഇളയ സഹോദരന്‍ ഷൈജുവും ഭാര്യയും മാതാവുമാണ് ഇവിടെ താമസിക്കുന്നത്. തനിക്ക് തന്ന അഞ്ച് സെന്റ് സ്ഥലത്ത് ഷെഡ് വെച്ച് താമസിക്കുന്ന തന്നെ ഇവിടെ നിന്നും പുറത്താക്കാനാണ് അമ്മയും ഷൈജുവും ശ്രമിക്കുന്നത്. ഇതിനു വേണ്ടി പോത്ത്കല്ല് എസ്.ഐയെ കള്ളപരാതി നല്‍കി സ്വാധീനിക്കുകയായിരുന്നു. സീനിയര്‍ സിറ്റിസണ്‍ എന്ന പരിഗണനയില്‍ പൊലിസ് അമ്മയുടെ ഭാഗം ചേര്‍ന്നു തന്നെ നിരന്തരം ഉപദ്രവിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ പൊലിസ് താമസസ്ഥലത്തെത്തി ഭീഷണിപ്പെടുത്തുകയും ഷെഡ് തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത്തരത്തില്‍ ഭീഷണിയില്‍ കഴിയുന്ന തങ്ങള്‍ക്ക് പൊലിസിന്റെ ഭാഗത്തുനിന്നും നീതി ലഭിക്കുന്നില്ല. ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് ആണ്‍കുട്ടികളുടെ പഠനവും മുടങ്ങിയിരിക്കുകയാണ്. തങ്ങള്‍ക്ക് നീതി കിട്ടണമെന്ന് യുവതി ആവശ്യപ്പെട്ടു. എസ്.ഐക്കെതിരേ ഉന്നത ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കുമെന്നും പറഞ്ഞു.
യുവതിയുടെ പരാതി വ്യാജമെന്ന് എസ്.ഐ
നിലമ്പൂര്‍: പോത്തുകല്‍ എസ്.ഐ പീഡിപ്പിക്കുന്നുവെന്ന പരാതി നിഷേധിച്ചു പൊലിസ്. പൊലിസ് ഉപദ്രവിച്ചുവെന്ന് പറയുന്നത് കളവാണെന്നും പോത്ത്കല്ല് എസ്.ഐ ജിതേഷ് പറഞ്ഞു. സിഐയുടെ നിര്‍ദ്ദേശ പ്രകാരം അന്വേഷണത്തിനു ചെല്ലുമ്പോള്‍ ആളെ വിളിച്ചുകൂട്ടി പൊലിസ് ഉപദ്രവിക്കുകയാണെന്നു പറഞ്ഞ് അന്വേഷണത്തോടു സഹകരിക്കാതെ ഒഴിഞ്ഞുമാറുകയാണ് ഇവര്‍ ചെയ്യുന്നത്. ഭര്‍ത്താവിന്റെ സമ്മതത്തോടെ സ്വത്തു കിട്ടാന്‍ വേണ്ടി തറവാട്ടില്‍ താമസിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും എസ്.ഐ പറഞ്ഞു. ഇവര്‍ക്കെതിരേ അയല്‍വാസികളുടെയും മാതാവിന്റെയും ഭര്‍തൃസഹോദരിയുടെയും പരാതികള്‍ പൊലിസിനു ലഭിച്ചിട്ടുണ്ട്. ഇതില്‍ ഗര്‍ഭിണിയായ യുവതിയെ മര്‍ദ്ദിച്ചെന്ന പരാതി അന്വേഷിക്കാനാണു സംഭവ സ്ഥലത്തേക്കു പോയതെന്നും എസ്.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."