താടിവച്ചതിന് പുറത്താക്കിയ വിദ്യാര്‍ഥിയെ ക്ലാസില്‍ ഇരുത്താന്‍ വി.സിയുടെ നിര്‍ദേശം
തേഞ്ഞിപ്പലം: താടി വച്ചതിന് ക്ലാസില്‍ നിന്നു പുറത്താക്കിയ കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയെ ഒടുവില്‍ ക്ലാസില്‍ ഇരുത്തി. ബി.പി.എഡ് നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥി മുഹമ്മദ് ഹിലാലിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് വൈസ് ചാന്‍സലറുടെ ഉത്തരവ് പ്രകാരം ക്ലാസില്‍ പ്രവേശിപ്പിച്ചത്.
വിഷയം പഠിക്കാന്‍ വിദ്യാര്‍ഥി ക്ഷേമ വിഭാഗം തലവന്‍ വത്സരാജനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് വരുന്നത് വരെയാണ് ഇപ്പോഴത്തെ നടപടി എന്നറിയുന്നു. ഓഗസ്റ്റ് ഒന്നിനാണ് രണ്ടാം വര്‍ഷ ബി.പി.എഡ് വിദ്യാര്‍ഥിയായ മുഹമ്മദ് ഹിലാലിനെ താടി വച്ചതിന് ക്ലാസില്‍ നിന്നും പുറത്താക്കിയത്. സര്‍വകലാശാല സ്റ്റാറ്റിയൂട്ടറിയിലോ കോഴ്‌സിന്റെ നിയമാവലിയിലോ താടി വയ്ക്കാന്‍ പാടില്ലെന്ന നിയമം ഇല്ല എന്നിരിക്കെയായിരുന്നു നടപടി.
ഹിലാലിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി സര്‍വകലാശാലയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. അതെ സമയം സിഖ് മതവിശ്വാസികള്‍ക്ക് മാത്രമെ താടി വച്ച് ക്ലാസിലിരിക്കാവൂ എന്നതാണ് നിയമമെന്ന വാദവും ഉയരുന്നുണ്ട്. എന്നാല്‍ നൂറിനടുത്ത് മുസ്‌ലിം വിദ്യാര്‍ഥികള്‍ പഠിക്കുന്ന വകുപ്പില്‍ പ്രാര്‍ഥനക്കും മറ്റും ഒരു പ്രയാസവും ഉണ്ടാവാറില്ലെന്നും മറ്റ് വിദ്യാര്‍ഥികള്‍ പറയുന്നു.
ബി.പി.എഡ് കോഴ്‌സിന്റെ കോ-ഓര്‍ഡിനേറ്ററായിരുന്ന ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ.സക്കീര്‍ ഹുസൈന്‍ കോ-ഓര്‍ഡിനേറ്റര്‍ പദവി രാജി വെക്കുകയും പകരം കഴിഞ്ഞ ദിവസം ഡോ. മനോജിനെ കോ ഓര്‍ഡിനേറ്ററായി വി.സി ഉത്തരവിറക്കിയെങ്കിലും അദ്ദേഹം സ്ഥാനം ഏറ്റെടുക്കില്ല എന്നറിയുന്നു.
വകുപ്പ് തല നിലപാടിനെകുറിച്ച് പ്രതികരിക്കാന്‍ ആരും തയാറാകുന്നുമില്ല. അതെ സമയം ലിഖിത നിയമങ്ങള്‍ ഇല്ലെങ്കിലും കഴിഞ്ഞ 20 വര്‍ഷത്തോളമായി വിദ്യാര്‍ഥികള്‍ സ്വീകരിച്ച് പോരുന്ന ഒരു സമ്പ്രദായം പിന്തുടരുന്നതാണ് നിലവിലുളള രീതിയെന്നും അറിയുന്നു. വിഷയം സിന്‍ഡിക്കേറ്റിന് വിട്ടെങ്കിലും യോഗത്തില്‍ ഇക്കാര്യം ഇതുവരെ ചര്‍ച്ചയ്‌ക്കെത്താത്തതിനാലാണ് വിസി അടിയന്തര തീരുമാനമെടുത്ത് വിദ്യാര്‍ഥിയെ ക്ലാസിലിരുത്താന്‍ നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."