'അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു' കെജ്‌രിവാളിന്റെ അറസ്റ്റില്‍ യു.എസിനും ജര്‍മനിക്കും പിന്നാലെ പ്രതികരണവുമായി യു.എന്നും
യുനൈറ്റഡ് നാഷന്‍സ്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ യു.എസിനും ജര്‍മനിക്കും പിന്നാലെ പ്രതികരണവുമായി യുനൈറ്റഡ് നാഷന്‍സും രംഗത്ത്. ഇന്ത്യയിലും തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് രാജ്യങ്ങളിലും ജനങ്ങളുടെ രാഷ്ട്രീയവും പൗരാവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്നും എല്ലാവര്‍ക്കും സ്വതന്ത്രപരവും നീതിയുക്തവുമായും വോട്ട് ചെയ്യാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫന്‍ ദുജാറിക് ചൂണ്ടിക്കാട്ടി.
ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്, കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു യു.എന്‍ വക്താവ്.
ഇന്ത്യയിലെ സ്ഥിതി ഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് അധികൃതര്‍ അറിയിച്ചിരുന്നു. രണ്ട് തവണയാണ് യു.എസ് വിഷയത്തില്‍ പ്രതികരിച്ചത്. കെജ്‌രിവാളിന്റെ അറസ്റ്റില്‍ ജര്‍മനിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
അതേസമയം, ആഭ്യന്തര കാര്യങ്ങളില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ വേണ്ടെന്നായിരുന്നു യു.എസിന്റെയും ജര്‍മനിയുടെയും പ്രതികരണങ്ങള്‍ക്ക് ഇന്ത്യയുടെ താക്കീത്. പ്രതികരണത്തില്‍ പ്രതിഷേധമറിയിക്കുന്നതിനായി യു.എസ് നയതന്ത്ര പ്രതിനിധിയെ ഇന്ത്യ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."