റൊണാൾഡോ എടുത്ത ആ തീരുമാനം അവിശ്വസനീയമായിരുന്നു: പ്രശംസയുമായി മുൻ പോർച്ചുഗീസ് കോച്ച്
റിയാദ്: സഊദി പ്രൊ ലീഗ് ക്ലബായ അൽ നാസറിലേക്ക് മാറാനുള്ള സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ പോർച്ചുഗൽ ഫുട്ബാൾ ടീം പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. അൽ നാസറിലേക്ക് ചേരാനുള്ള റൊണാൾഡോയുടെ തീരുമാനം അവിശ്വസനീയമായിരുന്നുവെന്നാണ് ഫെർണാണ്ടോ സാന്റോസ് പറഞ്ഞത്. ഈജിപ്ഷ്യൻ മാധ്യമമായ ചാനൽ വണ്ണിലൂടെയാണ് മുൻ പോർച്ചുഗീസ് പരിശീലകൻ ഇക്കാര്യം പറഞ്ഞത്.
'സഊദി അറേബ്യയിലെ അൽ നസറിലേക്ക് മാറാനുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തീരുമാനം അവിശ്വസനീയമാണ്. ഇത് ഒരു അതുല്യമായ അനുഭവമാണ്. അൽ നസർ യൂറോപ്പിലെ മറ്റ് ക്ലബ്ബുകളിൽ നിന്നും വ്യത്യസ്തമല്ല. സഊദി ഫുട്ബോളിലെ അന്തരീക്ഷം അതിശയകരമാണ്. ക്രിസ്റ്റ്യാനോ ലോകത്തിലെ മികച്ച കളിക്കാരനാണ്. അൽ നസറിലേക്ക് പോയതിലൂടെ ഭാവി സുരക്ഷിതമാക്കുക കൂടിയാണ് അദ്ദേഹം ചെയ്തത്,' ഫെർണാണ്ടോ സാന്റോസ് പറഞ്ഞു.
2023ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുമാണ് റൊണാൾഡോ അൽ നസറിൽ എത്തുന്നത് 2023-24 സീസണിൽ അൽ നസറിനായി തകർപ്പൻ പ്രകടനങ്ങളാണ് റൊണാൾഡോ നടത്തിയത്. 45 മത്സരങ്ങളിൽ നിന്നും 44 ഗോളുകളും 13 അസിസ്റ്റുകളുമായിരുന്നു റൊണാൾഡോ നേടിയിരുന്നത്. ഇതിൽ സഊദി ലീഗിൽ 35 ഗോളുകളുമാണ് റൊണാൾഡോ അടിച്ചുകൂട്ടിയത്. സഊദി പ്രോ ലീഗിലെ കഴിഞ്ഞ സീസണിലെ ടോപ് സ്കോററും റൊണാൾഡോ തന്നെയാണ്.
ഈ സീസണിലും റൊണാൾഡോ തകർപ്പൻ പ്രകടനങ്ങൾ തന്നെയാണ് അൽ നസറിനൊപ്പം നടത്തിക്കൊണ്ടിരിക്കുന്നത്. സീസണിൽ 19 മത്സരങ്ങളിൽ നിന്നും 16 ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് റൊണാൾഡോ നേടിയിട്ടുള്ളത്. നിലവിൽ 13 മത്സരങ്ങൾ പിന്നിട്ടപ്പോൾ ഏഴു വിജയവും നാല് സമനിലയും രണ്ട് തോൽവിയുമായി 25 പോയിന്റോടെ നാലാം സ്ഥാനത്താണ് അൽ നസർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."