ഹജ്ജ് കരാറിൽ സഊദിയും ഇന്ത്യയും ഒപ്പ് വെച്ചു, നിലവിലെ ക്വാട്ട തുടരും
ജിദ്ദ: ഇന്ത്യയും സഊദിയും തമ്മിലുള്ള ഈ വർഷത്തെ ഹജ്ജ് കരാറിൽ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചു. സഊദി ഹജ്ജ്, ഉംറ കാര്യ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, ഇന്ത്യൻ പാർലിമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു എന്നിവരാണ് ജിദ്ദയിൽ നടന്ന ചങ്ങിൽ കരാറിൽ ഒപ്പുവെച്ചത്. നിലവിലെ ക്വാട്ട തന്നെ തുടരുന്നതാണ് ഈ വർഷത്തെ കരാർ.
ഇന്ത്യക്കായി നേരത്തെ അനുവദിച്ച ഹജ്ജ് ക്വാട്ടയായ 1,75,025 തീർത്ഥാടകർ തന്നെ ഈ വർഷവും തുടരും. 10,000 അധിക ക്വാട്ട ഇന്ത്യ ആവശ്യപ്പെടുമെന്നു റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും നേരത്തെയുള്ള ക്വാട്ടയിൽ മാറ്റമുണ്ടായിട്ടില്ല. സഊദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഖാൻ, ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, ഹജ്ജ് കോൺസുൽ അബ്ദുൽ ജലീൽ, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഹജ്ജ് കരാർ ഒപ്പ് വെക്കൽ ചടങ്ങിൽ സംബന്ധിച്ചു.
ജിദ്ദ സൂപ്പർ ഡോമിൽ ഇന്ന് മുതൽ നാല് ദിവസങ്ങളിലായി നടക്കുന്ന ഹജ്ജ്, ഉംറ എക്സിബിഷൻ ആൻഡ് കോൺഫറൻസ് പരിപാടികളിൽ മന്ത്രി കിരൺ റിജിജു സംബന്ധിക്കും. മക്ക മേഖല ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി ചെയർമാനും സൽമാൻ രാജാവിന്റെ ഉപദേഷ്ടാവുമായ പ്രിൻസ് ഖാലിദ് അൽഫൈസൽ, മദീന ഗവർണർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രി കിരൺ റിജിജു മദീനയിൽ മസ്ജിദു ഖുബ, മസ്ജിദ് ഖിബ്‌ലതൈൻ എന്നിവിടങ്ങളിലും സന്ദർശനം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."