ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസ് അപകടങ്ങള്‍; പരിഹാരങ്ങള്‍ക്ക് ദ്വിമുഖ പദ്ധതി
കൊടുങ്ങല്ലൂര്‍: ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസിലെ അപകട പരമ്പര ഒഴിവാക്കാന്‍ ദ്വിമുഖ പദ്ധതിക്ക് രൂപം നല്‍കി. ബൈപ്പാസ് റോഡിലെ അഞ്ച് സിഗ്നല്‍ പോസ്റ്റുകളിലും പൊലിസിനെ ഉപയോഗിച്ച് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഇരു ഭാഗത്തേയും സര്‍വിസ് റോഡുകളില്‍ അടിയന്തിരമായി ഹംബ് നിര്‍മിച്ച് വാഹനങ്ങളുടെ വേഗതക്ക് കടിഞ്ഞാണിടും.
എം.എല്‍.എ യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ചന്തപ്പുരയിലും, കോട്ടപ്പുറത്തും ഓരോ ഹൈമാസ്റ്റ് ലൈറ്റുകളും, മറ്റ് മൂന്ന് സിഗ്നല്‍ പോസ്റ്റുകളില്‍ ലോമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കും.
ഇത്തരം പ്രവൃത്തികള്‍ ഒന്നാം ഘട്ടമായി ഒരുമാസത്തിനുള്ളില്‍ തീര്‍ക്കുവാനും തീരുമാനമായിട്ടുണ്ട്. അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങളുണ്ടായത്.
മൂന്നര കിലോമീറ്റര്‍ വരുന്ന ബൈപ്പാസിലെ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിയമ തടസങ്ങള്‍ എത്രയും വേഗം ഒഴിവാക്കാന്‍ യോഗം ദേശീയ പാത അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ബൈപ്പാസിലെ മുഴുവന്‍ സിഗ്നല്‍ ലൈറ്റുകളും ആറ് മാസത്തിനുള്ളില്‍ പുനക്രമീകരിക്കുകയും സര്‍വിസ് റോഡുകളിലെ ഗതാഗതനിയന്ത്രണത്തിനും സിഗ്നല്‍ ലൈറ്റുകള്‍ ബാധകമാക്കുന്നതിനെ കുറിച്ചും ആലോചിക്കും.
അപകടങ്ങള്‍ക്ക് പരിഹാരമായി അടിപ്പാത നിര്‍മാണമാണ് യോഗത്തിലെ നിര്‍ണായക തീരുമാനം.
സി.ഐ ഓഫിസ് ജങ്ഷന്‍, പടാകുളം ജങ്ഷന്‍, ഗൗരീശങ്കര്‍ ജങ്ഷന്‍ എന്നീ മൂന്ന് പ്രധാന ക്രോസിങ് സെന്ററുകളിലും അടിപ്പാത നിര്‍മിക്കുന്നതിനാവശ്യമായ പഠനം നടത്തും. ദേശീയ പാത അധികൃതര്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ എത്രയും വേഗം ആരംഭിക്കണമെന്നും ഈ മൂന്ന് ജങഷ്‌നുകളിലൂടെയും തീരദേശങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് വാഹനങ്ങളാണ് ബൈപ്പാസ് റോഡ് മുറിച്ചു കടക്കുന്നത്.
അടിപ്പാത നിര്‍മാണത്തോടെ ഈ വാഹനങ്ങള്‍ക്ക് ബൈപ്പാസില്‍ പ്രവേശിക്കാതെ കടന്നുപോകുവാന്‍ വഴിയൊരുങ്ങും. ബൈപ്പാസ് റോഡില്‍ ഇതുവരെ 118 അപകടങ്ങള്‍ നടന്നു കഴിഞ്ഞതായും കലക്ടര്‍ വെളിപ്പെടുത്തി.
19 പേര്‍ക്കാണ് ജീവഹാനി നേരിട്ടത്. ഇതില്‍ 82 ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍ പെട്ടിട്ടുള്ളത്.
രാത്രി 9 മുതല്‍ പുലര്‍ച്ചെ 7 മണി വരെയുള്ള സമയങ്ങളില്‍ ഇതുവരെ 18 അപകടങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്. മറ്റ് അപകടങ്ങളെല്ലാം പകല്‍ സമയങ്ങളിലാണ്. ഇതുകൊണ്ട് തന്നെ അപകടങ്ങളില്‍ പെടുന്നവര്‍ പ്രദേശവാസികളാണെന്നാണ് നിഗമനം.
അതുകൊണ്ട് ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതില്‍ ബോധവല്‍ക്കരണം നടത്തുമെന്ന് നഗരസഭ ചെയര്‍മാന്‍ സി.സി. വിപിന്‍ ചന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു.
അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ. ആധ്യക്ഷ്യം വഹിച്ച യോഗത്തില്‍ ജില്ലാ കലക്ടര്‍ കൗശിക്, ഡെപ്യൂട്ടി കലക്ടര്‍ കൃഷ്ണ തേജ, നഗരസഭ ചെയര്‍മാന്‍ സി.സി. വിപിന്‍ ചന്ദ്രന്‍, സി.ഐ. പി.സി. ബിജുകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."