പരിഹസിച്ചവര്‍ ഇന്ന് കയ്യടിക്കുന്നു; ഇത് 'റയാന്‍ പരാഗ് 2.0'
ഐപിഎല്ലിൽ നിലവിൽ ഓറഞ്ച് ക്യാപ്പിനായി മികച്ച പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരം നടക്കുന്ന ഒട്ടുമിക്ക സ്റ്റേഡിയങ്ങളിലും ബാറ്റിംഗ് പിച്ചാണ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ബാറ്റ്‌സ്മാൻമാരുടെ ടൂർണമെന്റായാണ് ഇത്തവണത്തെ സീസൺ വിലയിരുത്തുന്നത്. രാജസ്ഥാൻ റോയൽസിന്റെ യുവതാരം റയാൻ പരാഗാണ് ഇത്തവണ ഓറഞ്ച് ക്യാപ്പ് ലിസ്റ്റിൽ ക്ലാസന് തൊട്ടുപുറകിൽ രണ്ടാമതായുള്ളത്. ഡൊമസ്റ്റിക്ക് ക്രിക്കറ്റിലെ മികച്ച ഫോം അദ്ദേഹം ഐപിഎല്ലിലും തുടരുകയാണ്. ഇതിനോടകംതന്നെ കഴിഞ്ഞ രണ്ട് ഇന്നിംഗ്സുകളിൽ നിന്നായി 171 സ്ട്രൈക്ക് റേറ്റിൽ 127 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ഇതിൽ 9 സിക്സറുകളും 8 ബൗണ്ടറിയും ഉൾപ്പെടുന്നു.
2018 ലാണ് അദ്ദേഹം ആദ്യമായി രാജസ്ഥാൻ റോയൽസിലെത്തുന്നത്. ശേഷമുള്ള സീസണുകളിലൊന്നും അദ്ദേഹത്തിന് കാര്യമായി തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ പേരിൽ ഒട്ടേറെ തവണ അദ്ദേഹത്തെ സോഷ്യൽ മീഡിയ പരിഹസിക്കുകയുണ്ടായി. റിസർവ് ക്വാട്ടയിൽ വന്നവനാണെന്നും രാജസ്ഥാന്റെ അമൂൽ ബേബിയാണെന്നുമൊക്കെ സൈബർ ഇടങ്ങൾ കണക്കറ്റ് പരിഹസിച്ചു. എന്നാൽ ഇപ്പോഴിതാ രാജസ്ഥാന്റെ ഈ സീസണിലെ തുറുപ്പുചീട്ടായി മാറിയിരിക്കുകയാണ് റയാൻ പരാഗ്. സ്ട്രൈക്ക് റേറ്റ് താഴാതെ മികച്ച കൂട്ടുകെട്ടുണ്ടാക്കി മനോഹരമായാണ് പരാഗ് ഓരോ കളിയും ജയിപ്പിക്കുന്നത്.
ക്യാപ്റ്റൻ സഞ്ജുവും രാജസ്ഥാൻ മാനേജ്മെന്റും അദ്ദേഹത്തിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചിരിക്കുന്നു. കഴിഞ്ഞ സീസണിലെ പ്രകടനത്തിന് പരിഹസിച്ചവർ തന്നെ ഇന്ന് വാഴ്ത്തി പാടുന്നു. തുടർന്നുള്ള കളികളിലും സമാനമായ ഫോം തുടരാനായാൽ നിസ്സംശയം പറയാം, ഈ സീസൺ പരാഗിന്റെതാണ്, അങ്ങനെയെങ്കിൽ അധികം വൈകാതെ പരാഗിനെ ഇന്ത്യൻ ജേഴ്സിയിലും നമുക്ക് കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."