സഞ്ജൂ, ആ സിക്‌സ് എങ്ങനെയടിച്ചു? കണ്ണുതള്ളി ക്രിക്കറ്റ് ഇതിഹാസം
കൊല്‍ക്കത്ത: ഇംഗ്ലണ്ടുമായുള്ള ആദ്യ ടി20യില്‍ ഇന്ത്യന്‍ ഓപ്പണറും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണിന്റെ പടുകൂറ്റന്‍ സിക്‌സര്‍ കണ്ട് അമ്പരന്നിരിക്കുകയാണ് മുന്‍ ഇതിഹാസ ഓഫ്‌സ്പിന്നറും ഓള്‍റൗണ്ടറുമായ രവിചന്ദ്രന്‍ അശ്വിന്‍. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തവേയാണ് അശ്വിന്‍ ആശ്ചര്യം പ്രകടിപ്പിടിച്ചത്. മത്സരത്തില്‍ ഏഴു വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു.
മല്‍സരത്തില്‍ മികച്ച തുടക്കമിടാന്‍ സഞ്ജുവിനായെങ്കിലും അതു വലിയ സ്‌കോര്‍ ആക്കി മാറ്റുന്നതില്‍ താരം പരാജയപ്പെടുകയായിരുന്നു. 20 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമടക്കം 26 റണ്‍സ് നേടിയാണ് സഞ്ജു ക്രീസ് വിട്ടത്. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ബോളില്‍ ഗസ് അറ്റ്കിന്‍സണ്‍ താരത്തെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
സഞ്ജു സാംസണിന്റെ സിക്‌സറിനെക്കുറിച്ച് സംസാരിക്കവെ അശ്വിന്‍ തന്റെ ആശ്ചര്യം പ്രകടിപ്പിച്ചു. അതെങ്ങനെ സിക്‌സറാക്കി മാറ്റിയെന്നു അത്ഭുതപ്പെട്ട അദ്ദേഹം തനിക്കു പഴയൊരു പരസ്യമാണ് ഇതു കണ്ടപ്പോള്‍ ഓര്‍മ വന്നതെന്നും പറഞ്ഞു. ഫാസ്റ്റ് ബൗളര്‍ ഗസ് അറ്റ്കിന്‍സണ്‍ എറിഞ്ഞ രണ്ടാമത്തെ ഓവറിലെ നാലാമത്തെ ബോളിലായിരുന്നു സഞ്ജുവിന്റെ കണ്ണഞ്ചിപ്പിക്കുന്ന സിക്‌സ്.
കവേഴ്‌സിനു മുകളിലൂടെ സഞ്ജു ഒരു സിക്‌സറടിച്ചില്ലേ, എങ്ങനെയായിരുന്നു അത്? ലെഗ് സൈഡിലേക്കു വന്ന ബോള്‍ ബാക്ക് ഫൂട്ടിലാണ് അദ്ദേഹം വളര അനായാസം ഗാലറിയിലെത്തിച്ചത്. പഴയൊരു പരസ്യമാണ് എനിക്കപ്പോള്‍ ഓര്‍മ വന്നത്. ഹമാരാ ബജാജ് എന്ന ഗാനത്തോടു കൂടിയ ആ പരസ്യത്തില്‍ സ്‌കൂട്ടര്‍ ഉയര്‍ത്തുന്ന ഒരു രംഗമുണ്ട്. അതുപോലെയാണ് കാല് വേറൊരു ഭാഗത്തേക്കു തൂക്കിയിട്ട് സഞ്ജു സിക്‌സര്‍ നേടിയത്.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി-20യിൽ ഏഴ് വിക്കറ്റുകളുടെ മിന്നും വിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ടിനെ ഇന്ത്യ 20 ഓവറിൽ 132 റൺസിന് പുറത്താക്കുയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
മത്സരത്തിൽ മലയാളി സൂപ്പർതാരം സഞ്ജു സാംസൺ 20 പന്തിൽ 26 റൺസാണ് നേടിയത്. നാല് ഫോറുകളും ഒരു സിക്‌സുമാണ് സഞ്ജു നേടിയത്, ഇതിൽ 22 റൺസും ഒറ്റ ഓവറിലാണ് പിറന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. മത്സരത്തിന്റെ രണ്ടാം ഓവറിലാണ് സഞ്ജു 22 റൺസ് അടിച്ചെടുത്തത്. ഇതോടെ ടി-20യിൽ രണ്ടാം ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമായും സഞ്ജു മാറി.
രോഹിത് ശർമ്മ, ശിഖർ ധവാൻ എന്നിവരാണ് ഈ നേട്ടം ഇതിനു മുമ്പ് സ്വന്തമാക്കിയിരുന്നത്. ഇരുവരും 16 റൺസാണ് രണ്ടാം ഓവറിൽ അടിച്ചെടുത്തത്. 2018ൽ ബംഗ്ലാദേശിനെതിരെയാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. 2019ൽ നടന്ന ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിൽ ധവാനും ഈ നേട്ടം ആവർത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."