അദ്ദേഹത്തിനെതിരെ കളിക്കുന്നത് എതിരാളികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭാഗ്യമാണ്: ജോഡി ആൽബ
അർജന്റൈൻ ഇതിഹാസം ലയണൽ മെസിയെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരിക്കുകയാണ് ഇന്റർ മയാമി താരം ജോഡി ആൽബ. മെസിക്കെതിരെ കളിക്കാൻ കഴിയുന്നത് എതിർ ടീമിലെ താരങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഭാഗ്യമാണെന്നാണ് ജോഡി ആൽബ പറഞ്ഞത്. ഗോളിന് നൽകിയ അഭിമുഖത്തിലാണ് ഇന്റർ മയാമി താരം ഇക്കാര്യം പറഞ്ഞത്.
'കളിക്കളത്തിൽ ലിയോയെ തടയാൻ മറ്റ് ടീമുകൾ പല കാര്യങ്ങളും ആണ് ചെയ്യുന്നത്. എന്നാൽ അദ്ദേഹത്തെ തടയുക എന്നത് ബുദ്ധിമുട്ടാണ്. മെസിക്കെതിരെ കളിക്കുമ്പോഴും അവർ അദ്ദേഹത്തോട് വളരെയധികം ബഹുമാനം കാണിക്കുന്നു. എതിർ ടീമുകളെ സംബന്ധിച്ചിടത്തോളം ലിയോക്കെതിരെ കളിക്കാൻ കഴിയുക എന്നത് ഒരു ഭാഗ്യം കൂടിയാണ്. ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനൊപ്പം ഒരുമിച്ച് കളിക്കാൻ അവർക്ക് ഒരു ദിവസം മാത്രമേ അവസരം ലഭിക്കുകയുള്ളൂ,' ജോഡി ആൽബ പറഞ്ഞു.
2023ലായിരുന്നു മെസി പാരീസ് സെയ്ന്റ് ജെർമെയ്നിൽ നിന്നും മയാമിയിലേക്ക് എത്തിയത്. മെസിയുടെ ഇന്റർ മയാമിയിലേക്കുള്ള വരവിന് പിന്നാലെയാണ് മുൻ ബാഴ്സലോണ താരമായ ജോഡി ആൽബ അമേരിക്കയിലേക്ക് കൂടുമാറിയത്.
മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഈ വർഷം ഡിസംബർ വരെയാണ് ഇന്റർ മയാമിക്കൊപ്പമുള്ള മെസിയുടെ കരാർ അവസാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."