കുറഞ്ഞ ചെലവില്‍ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം; പുതിയ പദ്ധതിയുമായി ഷാര്‍ജ
ഷാര്‍ജ: കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന നിലവാരമുള്ള സ്‌കൂള്‍ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുള്ള പുതിയ വിദ്യാഭ്യാസ മോഡല്‍ രൂപീകരിക്കാനുള്ള പദ്ധതിയുമായി ഷാര്‍ജ. ഈ മാസം 23, 24 തീയതികളിലായി നടക്കുന്ന നാലാമത് ഷാര്‍ജ ഇന്റര്‍നാഷനല്‍ സമ്മിറ്റ് ഓണ്‍ എജുക്കേഷന്‍ ഇംപ്രൂവ്‌മെൻ്റിൽ (വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായുള്ള അന്താരാഷ്ട്ര ഉച്ചകോടി) ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
ഷാര്‍ജയിലെ സ്‌കൂളുകളില്‍ ദുബൈ സ്‌കൂളുകളേക്കാള്‍ കുറഞ്ഞ ട്യൂഷന്‍ ഫീസ് മാത്രമാണുള്ളത്. പ്രത്യേകിച്ച് ബ്രിട്ടീഷ്, അമേരിക്കന്‍ പാഠ്യപദ്ധതികള്‍ക്ക്. ദുബൈ സ്‌കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ ഷാര്‍ജയില്‍ 30 മുതല്‍ 50 ശതമാനം വരെ ഫീസ് കുറവാണ്. ദുബൈയില്‍ നിന്ന് വ്യത്യസ്തമായി, ഷാര്‍ജയില്‍ ഉത്തരാധുനിക സൗകര്യങ്ങളുള്ള 'പ്രീമിയം' സ്‌കൂളുകള്‍ കുറവാണെന്നതാണ് ഇതിന് കാരണം.
ആഗോള രംഗത്തെ മികച്ച സ്‌കൂളിംഗ് രീതികള്‍, നൂതന വിദ്യാഭ്യാസ മാതൃകകള്‍, ചെലവും മികവും സന്തുലിതമാക്കുന്നതിനുള്ള തന്ത്രങ്ങള്‍ എന്നിവ ചെലവ് കുറച്ച് നിലവാരം ഉയര്‍ത്തുന്നതിനുള്ള പുതിയ വിദ്യാഭ്യാസ മോഡല്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ, ഈ വരുന്ന ഉച്ചകോടിയില്‍ മേഖലയിലെ വിദഗ്ധരും നയരൂപീകരണം നടത്തുന്നവരും ചര്‍ച്ച ചെയ്യും
'ലോകത്തിൻ്റെ മറ്റു ഭാഗങ്ങളില്‍ വിദ്യാഭ്യാസം എങ്ങനെ നവീകരിക്കപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള ആശയങ്ങള്‍ ഉച്ചകോടിയിൽ ചര്‍ച്ച ചെയ്യും. വിദ്യാഭ്യാസത്തിൻ്റെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ വിദ്യാഭ്യാസച്ചെലവ് കുറയ്ക്കുന്നതില്‍ വിജയിച്ച വിവിധ രാജ്യങ്ങളുടെ മാതൃകകളും ഉച്ച കോടി അവലോകനം ചെയ്യും. ഷാര്‍ജ പ്രൈവറ്റ് എഡ്യൂക്കേഷന്‍ അതോറിറ്റിയുടെ സയന്റിഫിക് കമ്മിറ്റി ചെയര്‍മാനും വിദ്യാഭ്യാസത്തിലെ ഇന്നൊവേഷന്‍ ആന്‍ഡ് അഡ്വാന്‍സ്മെൻ്റ് സീനിയര്‍ ഉപദേഷ്ടാവുമായ വാജ്ദി മനായി പറഞ്ഞു.
ആ അനുഭവത്തില്‍ നിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാം, നമ്മുടെ വിദ്യാഭ്യാസം ഇവിടെ എങ്ങനെ കൈകാര്യം ചെയ്യുന്നു, വ്യത്യസ്ത മോഡലുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ ധാരണ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ വിദ്യാഭ്യാസച്ചെലവ് എങ്ങനെ ചുരുക്കാമെന്നതാണെന്നും അധികൃതര്‍ പറഞ്ഞു. ഇതിനായി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പഠനം, പൊതു-സ്വകാര്യ പങ്കാളിത്തം, പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കല്‍ തുടങ്ങി നൂതന പരിഹാരങ്ങള്‍ ഉപയോഗിക്കും. ഇത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനൊപ്പം മികവ് നിലനിര്‍ത്താന്‍ സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വിദഗ്ധ അധ്യാപകര്‍, നയരൂപീകരണക്കാര്‍, ഗവേഷകര്‍, വ്യവസായ നേതാക്കള്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം വിദ്യാഭ്യാസ വിദഗ്ധർ ഉച്ചകോടിയിൽ പങ്കെടുക്കും. നൂതനമായ അധ്യാപന, പഠന രീതികള്‍, വിദ്യാഭ്യാസത്തിൻ്റെ ഭാവി, സുസ്ഥിര വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് 35ലധികം പാനല്‍ ചര്‍ച്ചകളും 140 വർക്ഷോപ്പുകളും ഉച്ചകോടിയില്‍ നടക്കും.
Sharjah has introduced a new initiative aimed at providing high-quality education at an affordable cost, making it easier for students to access excellent learning opportunities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."