'ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണം; അല്ലെങ്കിൽ ഗസയെ ആക്രമിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു
ടെൽഅവീവ്: ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധം തുടങ്ങുമെന്ന് ബെഞ്ചമിൻ നെതന്യാഹു. ശനിയാഴ്ച ഉച്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ബന്ദി കൈമാറ്റത്തിന് ഒരുക്കമെല്ലന്നാണ് ഹമാസിൻ്റെ നിലപാട്. അതേസമയം, വൈറ്റ് ഹൗസിൽ ട്രംപ് ജോർദാൻ രാജാവ് കൂടിക്കാഴ്ച തുടങ്ങി.
ഇസ്രാഈലികളായ ബന്ദികളെ മോചിപ്പിക്കുന്നത് ഹമാസ് നിർത്തിവെച്ചിരുന്നു. ഇസ്രാഈൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ഹമാസ് ഈ നടപടിയെടുത്തത്. അതേസമയം, ഹമാസിന്‍റെ പ്രഖ്യാപനം വെടിനിർത്തൽ കരാറിന്‍റെ സമ്പൂർണ്ണ ലംഘനമാണെന്ന് ഇസ്രാഈൽ പ്രതിരോധ മന്ത്രി പറഞ്ഞു. എന്തിനും തയ്യാറായി നിൽക്കാൻ സൈന്യത്തിന് ഇസ്രാഈൽ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ബന്ദികളാക്കിയ എല്ലാവരെയും ശനിയാഴ്ചയ്ക്കകം തിരിച്ചയച്ചില്ലെങ്കിൽ വെടിനിർത്തൽ റദ്ദാക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതോടെ ഗസ വെടിനിർത്തൽ അനിശ്ചിതത്വത്തിൽ ആവുകയാണ്. ഗസയിലേക്കുള്ള മാനുഷിക സഹായം ഇസ്രാഈൽ തടസ്സപ്പെടുത്തുന്നു എന്നാണ് ഹമാസ് ബന്ദികളെ കൈമാറ്റത്തിന് നിന്ന പിൻമാറൻ കാരണമായത്. മൂന്നാഴ്ചയായി ഇസ്രാഈൽ നിരന്തരം കരാർ ലംഘനം നടത്തുന്നുവെന്നും ഹമാസ് പറയുന്നു.
അതിനിടെ ഗസ അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും പ്രതികരണവുമായി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഗസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാൽ ഫലസ്തീൻ ജനതയ്ക്ക് അവിടേക്ക് മടങ്ങാൻ അവകാശമുണ്ടാകില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. അറബ് രാജ്യങ്ങളിൽ മികച്ച താമസ സൗകര്യമൊരുക്കിയാൽ പിന്നെ ഗാസയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരില്ലെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ഫലസ്തീനിലെ ഭൂമി വിൽപ്പനയ്ക്കുള്ളതല്ലെന്നായിരുന്നു ഹമാസിന്‍റെ മറുപടി. ട്രംപിന്‍റെ പ്രഖ്യാപനത്തെ ഇസ്രായേൽ പ്രസിഡന്‍റ് ബെഞ്ചമിൻ നെതന്യാഹു പിന്തുണച്ചു രംഗത്തുവന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."