യു.പിയില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ തിന്ന നിലയില്‍; ബന്ധുക്കള്‍ ഉപേക്ഷിച്ചതെന്ന് ആശുപത്രി അധികൃതര്‍
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലളിത്പൂരില്‍ ആശുപത്രി പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ്‌നായ്ക്കള്‍ കടിച്ചുവലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിവാദം. കണ്ടുനിന്ന ആളുകള്‍ നായകളെ ഓടിച്ചപ്പോഴേക്കും കുഞ്ഞിന്റെ ശരീരത്തിന്റെ തലഭാഗം മുഴുവനായി വേര്‍പ്പെട്ടിരുന്നു.
ലളിത്പൂരിലെ മെഡിക്കല്‍ കോളജില്‍ മരിച്ച ശിശുവിന്റെ മൃതദേഹമാണ് ആശുപത്രി പരിസരത്തു തന്നെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞ് മരണപ്പെട്ടിരുന്നുവെന്നും കുട്ടിയുടെ കുടുംബമാണ് മൃതദേഹം ഉപേക്ഷിച്ചതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഫെബ്രുവരി 9 ഞായറാഴ്ച ലളിത്പൂര്‍ മെഡിക്കല്‍ കോളജിലെ ജില്ലാ വനിതാ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് ഭാരക്കുറവും അനാരോഗ്യവും ഉണ്ടായിരുന്നതിനാല്‍ എന്‍.ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്നു.
കുഞ്ഞിന് ഭാരം കുറവായിരുന്നു. തലയും പൂര്‍ണമായി വളര്‍ന്നിരുന്നില്ല. കുഞ്ഞിന് 1.300 കിലോഗ്രാം ഭാരമാണ് ഉണ്ടായിരുന്നതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. മീനാക്ഷി സിങ് പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചപ്പോള്‍ മിനിറ്റില്‍ 80 തവണ ഹൃദയമിടിപ്പ് ഉണ്ടായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ കഴിയുമോ എന്ന് സംശയമായിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ ബന്ധുവിന് കൈവിരലടയാളം രേഖപ്പെടുത്തി കുഞ്ഞിനെ കൈമാറിയിരുന്നതായും അധികൃതര്‍ വ്യക്തമാക്കി.
കുഞ്ഞിനെ കൈമാറിയതിന് പിറ്റേന്ന് ഉച്ചയോടെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ മാതാപിതാക്കള്‍ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ചുവെന്നാണ് അധികൃതര്‍ ആരോപിക്കുന്നത്. കൈയില്‍ ആശുപത്രിയുടെ ടാഗ് ഉണ്ടായിരുന്നതിനാലാണ് തിരിച്ചറിയാന്‍ കഴിഞ്ഞത്. പൊലീസ് എത്തുംമുമ്പ് മൃതദേഹം മാറ്റിയെ
ന്നും അധികൃതര്‍ പറഞ്ഞു.
സംഭവം അന്വേഷിക്കാന്‍ ലളിത്പൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ നാല് ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."