ഒന്നര മാസത്തെ ചികിത്സയ്ക്ക് ശേഷം ഉമ തോമസ് എംഎല്‍എ ആശുപത്രി വിട്ടു
കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ വീണ് പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉമ തോമസ് എംഎല്‍എ ആശുപത്രി വിട്ടു. 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിടുന്നത്. നിലവില്‍ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 29നാണ് എംഎല്‍എ വീണ് പരുക്കേല്‍ക്കുകയും ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയും ചെയ്തത്.
തലച്ചോറിനേറ്റ ക്ഷതവും ശ്വാസകോശത്തിന് പുറത്തെ നീര്‍ക്കെട്ടുമായിരുന്നു പ്രധാന പ്രശ്‌നം. ഡിസ്ചാര്‍ജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് എംഎല്‍എ പോവുക. സ്വന്തം വീടിന്റെ അറ്റകുറ്റ പണികള്‍ക്ക് ശേഷം പിന്നീട് വീട്ടിലേക്ക് മാറും.
അതേസമയം ചികിത്സയില്‍ തുടരുമ്പോഴും ആശുപത്രിയില്‍ നിന്നും ഓണ്‍ലൈനായി പൊതുപരിപാടിയില്‍ ഉമ തോമസ് എംഎല്‍എ പങ്കെടുത്തിരുന്നു. കാക്കനാട് എം എ അബൂബക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍ വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായാണ് എംഎല്‍എ പങ്കെടുത്തത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയില്‍ ഉമ തോമസ് എംഎല്‍എയെ സന്ദര്‍ശിക്കാനെത്തിയിരുന്നു.
വിഐപി ഗ്യാലറിയില്‍ നിന്ന് വീണ ഉമ തോമസിന് തലച്ചോറിനും ശ്വാസകോശത്തിനും ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റിരുന്നു. എംഎല്‍എയുടെ മനോധൈര്യം പ്രശംസനീയമാണെന്ന് ആയിരുന്നു ചികിത്സിച്ച ഡോക്ടര്‍മാരുടെ പ്രതികരണം. വെന്റിലേറ്ററില്‍ നിന്ന് മാറ്റി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ 'ഐ ആം ഓകെ' എന്ന് ഉമ തോമസ് പറഞ്ഞു. മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമ തോമസ് തന്നെ സന്ദര്‍ശിച്ച മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ചു.
അതേസമയം ഇത് തന്റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്ന് ഉമാ തോമസ് പറഞ്ഞു. നാട് ഒന്നാകെ തന്നെ ഉണ്ടായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ആശുപത്രിയിലെ ഐ.സി.യുവില്‍ നിന്ന് പ്രതീക്ഷയായി ഉമ തോമസിന്റെ കുറിപ്പ് പുറത്തുവന്നിരുന്നു. എംഎല്‍എ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പായിരുന്നു അത്.പാലാരിവട്ടം പൈപ്പ്‌ലൈന്‍ ജങ്ഷനിലെ വീട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കാരണക്കോടത്തെ വാടകവീട്ടിലാണ് ഉമയും മക്കളും താമസിച്ചിരുന്നത്. അറ്റകുറ്റപ്പണികള്‍ക്കു ശേഷം സ്വന്തം വീട്ടിലേക്ക് മാറാനിരിക്കുമ്പോഴായിരുന്നു അപകടം നടന്നത്. വീട്ടിലേക്കു മാറുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഓര്‍മിപ്പിച്ചാണു കുറിപ്പെഴുതിയത്.
വാടക വീട്ടില്‍ നിന്നും എല്ലാ സാധനങ്ങളും എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി ഉമ തോമസ് പേപ്പറില്‍ കുറിച്ചിട്ടുണ്ട്. എക്‌സസൈസിന്റെ ഭാഗമായാണ് ഉമാ തോമസിനോട് എഴുതാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്.
കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ വീണു പരുക്കേറ്റ് റിനൈ മെഡിസിറ്റി ആശുപത്രിയില്‍ കഴിയുന്ന ഉമ ഇന്നലെ കിടക്കയില്‍ നിന്നും എഴുന്നേറ്റിരുന്നിരുന്നു. 2 ദിവസത്തിനകം വെന്റിലേറ്റര്‍ സഹായം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുവര്‍ഷ ദിനത്തില്‍ പതിഞ്ഞ ശബ്ദത്തില്‍ ഉമ തോമസ് മക്കളോട് ആശംസകളറിയിച്ചിരുന്നു.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ മൃദഗനാദമെന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയില്‍ പങ്കെടുക്കാനെത്തയപ്പോഴാണ് വി.ഐ.പി ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എം.എല്‍.എയ്ക്ക് ഗുരുതര പരുക്കേറ്റേത്. നിന്നു തിരിയാന്‍ ഇടമില്ലാത്തതായിരുന്നു വേദിയെന്ന് പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്‍നിരയില്‍നിന്ന് ഉമ മുന്‍നിരയിലേക്കു വരുന്നതു ദൃശ്യങ്ങളില്‍ കാണാം. സ്റ്റേജിന്റെ വക്കോട് ചേര്‍ന്നായിരുന്നു മുന്‍ നിരയിലെ കസേരകള്‍ ഇട്ടിരുന്നത്. ആദ്യം ഒരു കസേരയിലിരുന്ന ശേഷം ഉമ പിന്നീട് മാറിയിരുന്നു. സിജോയ് വര്‍ഗീസിന്റെ അഭ്യര്‍ഥന പ്രകാരമായിരുന്നു ഇത്.
വേദിയില്‍ നിന്നിരുന്ന സ്ത്രീയെ മറികടന്ന് മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ ഉമയുടെ കാലിടറി താഴേക്ക് വീണു. റിബണ്‍ കെട്ടിയ സ്റ്റാന്‍ഡില്‍ പിടിച്ചെങ്കിലും സ്റ്റാന്‍ഡും താഴേക്കു വീഴുകയായിരുന്നു. തൊട്ടടുത്ത കസേരയില്‍ സിറ്റി പൊലിസ് കമ്മിഷണര്‍ പുട്ട വിമലാദിത്യയും മന്ത്രി സജി ചെറിയാനും ഉണ്ടായിരുന്നു. ഇരുവരും നോക്കിനില്‍ക്കെയായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."