ആറു മണിക്കൂര്‍ നീണ്ട സിസേറിയന്‍; മാളുവിന് ഡോക്ടര്‍ രക്ഷകനായി
പയ്യാവൂര്‍: പ്രസവം തടസപ്പെട്ടതിനെത്തുടര്‍ന്ന് അപകട നിലയിലായ മാളു എന്ന പശുവിനെ ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി. പൈസക്കരി സര്‍ക്കാര്‍ മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. വിമല്‍ കുമാറാണ് പശുവിന്റെ രക്ഷകനായത്.
പൈസക്കരിയിലെ ആലുങ്കത്തടത്തില്‍ ജോസഫിന്റെ പശു പ്രസവ സമയമടുത്തപ്പോള്‍ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചതിനേതുടര്‍ന്നാണ് ഡോക്ടറെ വിവരമറിയിച്ചത്. പരിശോധനയില്‍ ഗര്‍ഭപാത്രം വയറിനുള്ളില്‍ തിരിഞ്ഞു പോയതായി കണ്ടെത്തി. എറെ പരിശ്രമങ്ങള്‍ക്ക് ശേഷം ഡോക്ടര്‍ ഗര്‍ഭപാത്രം പൂര്‍വസ്ഥിതിയിലാക്കിയെങ്കിലും പശു മരണവെപ്രാളം കാണിക്കുകയായിരുന്നു. പശുവും കിടാവും നഷ്ടപ്പെടുമെന്ന അവസ്ഥയിലെത്തിയതോടെ അവസാന ശ്രമമെന്ന നിലയില്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കാന്‍ ശ്രമം തുടങ്ങി. ആറുമണിക്കൂ റോളം നീണ്ട ശ്രമത്തിനൊടുവില്‍ കുഞ്ഞിനെ പുറത്തെടുത്തപ്പോള്‍ ചത്ത നിലയിലായിലിരുന്നു. എങ്കിലും പശുവിനെ രക്ഷിക്കാനായതിന്റെ ആഹ്ലാദത്തിലായിരുന്നു ഡോ.വിമല്‍ കുമാര്‍.
മൃഗാശുപത്രി ജീവനക്കാരനായിരുന്ന മണികണ്ഠന്‍, ഉടമ ജോസഫ്, അയല്‍വാസികളായ മാത്യു, ജോയി, ജെയിംസ് എന്നിവര്‍ സഹായികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."