അന്ന് എല്ലാവരും എന്നെ അപമാനിച്ചപ്പോൾ അദ്ദേഹം മാത്രമാണ് എന്നെ പിന്തുണച്ചത്: ഡി മരിയ
2010 ഫിഫ ലോകകപ്പിൽ ഡീഗോ മറഡോണയിൽ നിന്നും ലഭിച്ച പിന്തുണയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ അർജന്റൈൻ താരം എയ്ഞ്ചൽ ഡി മരിയ. 2010 ലോകകപ്പിൽ സൗത്ത് ആഫ്രിക്കയിലെ ആരാധകർ തന്നെ അപമാനിച്ചിരുന്നുവെന്നും ഈ സമയങ്ങളിൽ തന്നെ ചേർത്തു പിടിച്ചത് മറഡോണ ആണെന്നുമാണ് ഡി മരിയ പറഞ്ഞത്. ആൽബിസെലെസ്റ്റെ ടോക്കിലൂടെ സംസാരിക്കുകയായിരുന്നു ഡി മരിയ.
'2010 ലോകകപ്പ് സമയങ്ങളിൽ മറ്റാരും എന്നെ പിന്തുണച്ചിരുന്നില്ല മറഡോണയായിരുന്നു അന്ന് എന്നെ ചേർത്തു നിർത്തിയത്. ബൊളീവിയക്കെതിരെയുള്ള മത്സരത്തിനുശേഷം ആറു മത്സരങ്ങളിൽ എനിക്ക് സസ്പെൻഷൻ നേരിടേണ്ടി വന്നു. ചുവപ്പുകാർഡ് കണ്ടാണ് ഞാൻ ആറ് മത്സരങ്ങളിൽ വിലക്ക് നേരിട്ടത്. ഇതിനു ശേഷവും അദ്ദേഹം എന്നെ ലോകകപ്പ് കളിക്കാൻ കൊണ്ടുപോയി. ലോകകപ്പിൽ കളിക്കുന്ന സമയത്ത് ധാരാളം ആളുകൾ എന്നെ അപമാനിക്കുമ്പോൾ എന്റെയും എന്റെ കുടുംബത്തോടൊപ്പം അദ്ദേഹം നിലനിന്നു. മറഡോണയെ കുറിച്ച് എനിക്ക് ഒരു മോശം വാക്ക് പോലും പറയാൻ സാധിക്കില്ല. അദ്ദേഹം അവിശ്വസനീയമായിരുന്നു. എല്ലാ രാത്രികളിലും അദ്ദേഹം എന്റെ അടുത്ത് വന്ന് ധാരാളം സംസാരിക്കുമായിരുന്നു. ആ നിമിഷങ്ങൾ ഒന്നും എനിക്ക് മറക്കാൻ കഴിയില്ല. അദ്ദേഹം മരണപ്പെട്ട ദിവസം എനിക്ക് വലിയ ഞെട്ടൽ ആണ് ഉണ്ടാക്കിയത്,' ഡി മരിയ പറഞ്ഞു.
2010 ലോകകപ്പിൽ മറഡോണയുടെ കീഴിലായിരുന്നു അർജന്റീന കളത്തിൽ ഇറങ്ങിയിരുന്നത്. അഞ്ചു മത്സരങ്ങളിൽ നാല് കളികളിലും അർജന്റീനയുടെ പ്ലെയിങ് ഇലവനിൽ ഇടം നേടാൻ ഡി മരിയക്ക് സാധിച്ചിരുന്നു. എന്നാൽ ആ ടൂർണമെന്റിൽ ക്വാർട്ടർ ഫൈനലിൽ ജർമ്മനിയോട് പരാജയപ്പെട്ട് അർജന്റീന പുറത്താവുകയായിരുന്നു. 2024ലെ കോപ്പ അമേരിക്ക വിജയത്തിനു ശേഷമാണ് ഡി മരിയ അർജന്റീന ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. അർജന്റീന സമീപകാലങ്ങളിൽ നേടിയ നാല് കിരീടനേട്ടങ്ങളിലും ഡി മരിയ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."