സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസല്‍ അന്തരിച്ചു
ചെന്നൈ: സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസ്സല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം.
ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു.
ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. സി.ഐ.ടി.യു. അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. 2006-ല്‍ ചങ്ങനാശ്ശേരിയില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2000-05-ല്‍ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു.
മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ജില്ലാ സമ്മേളനത്തിലും അദ്ദേഹത്തെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."