കലക്ടറേറ്റില്‍ നാളെ എഫ്.ആര്‍.എഫിന്റെ 'കണ്ണീരോണം' പ്രതിഷേധം
കല്‍പ്പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരേ കലക്ടറേറ്റ് പടിക്കല്‍ എഫ്.ആര്‍.എഫ് (ഫാര്‍മേഴ്‌സ് റിലീഫ് ഫോറം) 'കണ്ണീരോണം' നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ 11ന് കലക്ടറേറ്റിന് മുന്നില്‍ എഫ്.ആര്‍.എഫ് അംഗങ്ങള്‍ കഞ്ഞികുടിച്ചുകൊണ്ടാണ് സമരം നടത്തുന്നത്.
ഓണക്കാലം എത്തിയിട്ടും കര്‍ഷകര്‍ക്ക് അലവന്‍സുകളോ പാക്കേജോ അനുവദിച്ചിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വന്‍ ശമ്പളത്തിനൊപ്പം ബോണസും അനുവദിച്ചിരിക്കുകയാണ്. വിവിധ വിളനാശങ്ങളുടെ പേരില്‍ പ്രഖ്യാപിക്കപ്പെട്ട യാതൊരു ആനുകൂല്യവും ഇതുവരെ നല്‍കിയിട്ടില്ല.
വന്യമൃഗ ശല്യത്തിന്റെ കെടുതികളുടെ പേരിലുള്ള നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചിട്ടില്ല. എല്ലാ വിഭാഗത്തില്‍പ്പെട്ട പെന്‍ഷനുകളും മുന്‍കൂട്ടി കൊടുക്കുമ്പോള്‍ കര്‍ഷക പെന്‍ഷന്‍മാത്രം ഇതുവരെ നല്‍കിത്തുടങ്ങിയിട്ടില്ല. വന്യമൃഗശല്യത്തിന്റെയും വിളനാശത്തിന്റെയും നഷ്ടപരിഹാരം തല്‍സമയം കണക്കാക്കി അതിന്റെ തുക അപ്പോള്‍ത്തന്നെ കൊടുക്കുന്ന സമ്പ്രദായം നടപ്പിലാക്കുകയാണെങ്കില്‍ കര്‍ഷകര്‍ക്ക് ഉപകാരപ്പെടമെന്ന് നേതാക്കള്‍ പറഞ്ഞു.
തിരുവോണക്കാലത്ത് നിരവധി കിറ്റുകള്‍ നല്‍കുമ്പോള്‍ എ.പി.എല്‍, ബി.പി.എല്‍ പേര് പറഞ്ഞ് കര്‍ഷകരെ മാത്രം പുറന്തള്ളുകയാണ്. കര്‍ഷകരെ നൂറ് ശതമാനം അവഗണിക്കുന്ന സാഹചര്യം ഒഴിവാക്കി തിരുവോണക്കാലത്ത് അര്‍ഹിക്കുന്ന ഓണപ്പാക്കേജ് ഉടനടി നടപ്പാക്കണമെന്നും എഫ്.ആര്‍.എഫ് ഭാരവാഹികളായ എന്‍.ജെ ചാക്കോ, ടി ഇബ്രാഹിം, എ.എന്‍ മുകുന്ദന്‍, അഡ്വ.പി.ജെ ജോര്‍ജ്, ഒ.ആര്‍ വിജയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."