കലക്ടറുടെ ഉത്തരവിന് പുല്ലുവില ആറാട്ടുപാറയില്‍ ഖനനം തകൃതി
കല്‍പ്പറ്റ: ജില്ലാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് ലംഘിച്ച് അമ്പലവയല്‍ മേഖലയില്‍ ക്വാറി, ക്രഷര്‍ പ്രവര്‍ത്തനം തുടരുന്നതായി പരാതി. ആറാട്ടുപാറ, ഫാന്റംറോക്ക്, കൊളഗപ്പാറ റോക്ക് എന്നിവയുടെ പരിസരത്ത് ഖനന, ക്രഷര്‍ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചുകൊണ്ട് മുന്‍ ജില്ലാ കലക്ടര്‍ വി. കേശവേന്ദ്രകുമാറാണ് ഉത്തരവിറക്കിയത്. ആറാട്ടുപാറയുടെ ഒരു കിലോമീറ്റര്‍ ദൂരപരിധിക്കുള്ളില്‍ ഖനനം പാടില്ലെന്നാണ് ഉത്തരവ്. എന്നാല്‍ നിശ്ചിത ദൂരപരിധിക്കുള്ളില്‍ വരുന്ന മൂന്ന് ക്വാറികള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുകയാണെന്ന് കുമ്പളേരി റോക്ക് ഗാര്‍ഡന്‍ ടൂറിസം ക്ലബ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിയമവിരുദ്ധമായി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ ദൂരപരിധി അളക്കാനുള്ള ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്.) ലഭ്യമല്ലാത്തതുകൊണ്ട് ക്വാറികള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കാന്‍ കഴിയുന്നില്ലെന്നാണ് ബത്തേരി തഹസില്‍ദാര്‍ പറഞ്ഞതെന്ന് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു. അധികൃതരുടെ ഉദാസീനത മുതലെടുത്ത് ക്വാറി അധികൃതര്‍ പാറ ഖനനം മുമ്പത്തേക്കാള്‍ ധ്രുതഗതിയിലാക്കിയിരിക്കുകയാണ്.
രാവും പകലും ടിപ്പര്‍ ലോറികള്‍ കരിങ്കല്‍ ലോഡുമായി ചീറിപ്പായുകയാണ്. ആറാട്ടുപാറയുടെ 200 മീറ്റര്‍ പോലും അകലെയല്ലാതെ ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്.
ദൂരപരിധി ലംഘിച്ചാണ് ഈ ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും വ്യക്തമാകുമെന്നിരിക്കെ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. ദൂരപരിധി നിശ്ചയിക്കാന്‍ ആധുനിക സംവിധാനങ്ങള്‍ ലഭ്യമാണെന്നിരിക്കെ അധികൃതര്‍ ക്വാറി ലോബിയെ സഹായിക്കാനാണ് ഒഴിവുകഴിവുകള്‍ പറയുന്നതെന്നും ക്ലബ് ഭാരവാഹികള്‍ ആരോപിച്ചു.
ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലുള്ള തെക്കേ ആറാട്ടുപാറയും ചരിത്ര സ്മാരകമായ മുനിയറകള്‍ കൂടുതലുളള ചീങ്ങേരി ട്രൈബല്‍ ഫാമും ആറാട്ടുപാറയുടെ ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ വരുന്നവയാണ്. വമ്പിച്ച ടൂറിസം സാധ്യതയുള്ള പ്രദേശങ്ങളാണ് ആറാട്ടുപാറ, ഫാന്റംറോക്ക്, കൊളഗപ്പാറ എന്നിവ. ഇവയെ സംരക്ഷിക്കുന്നതിനും ഖനന നിരോധന ഉത്തരവ് നടപ്പാക്കാനും ജില്ലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണം. ഈ ആവശ്യമുന്നയിച്ച് ഈമാസം 17ന് ആറാട്ടുപാറയിലേക്ക് സാഹസിക വിനോദസഞ്ചാരയാത്ര നടത്തുമെന്നും റോക്ക് ഗാര്‍ഡന്‍ ടൂറിസം ക്ലബ് പ്രസിഡന്റ് കെ.പി ജേക്കബ്, സെക്രട്ടറി എന്‍.കെ ജോര്‍ജ്, എന്‍.എ ബിജു, ജയ്‌സണ്‍ അമ്പാട്ട്, ഇ.ജെ ഉതുപ്പ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."