സഹകരണ സംഘങ്ങളിലെ മിന്നൽ പരിശോധന ഇനി ആപ്പ് തീരുമാനിക്കും
തൊടുപുഴ: സംസ്ഥാനത്തെ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളിലെ മിന്നൽ പരിശോധന ഇനി ആപ്പ് തീരുമാനിക്കും. ഇതിനായി കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ഷൻ മൊബൈൽ ആപ്ലിക്കേഷൻ (സി.ഐ.എം.എ) തയാറായിക്കഴിഞ്ഞു. സംഘങ്ങളിൽ നടത്തുന്ന മിന്നൽ പരിശോധനകൾ മാർച്ച് ഒന്നു മുതൽ സി.ഐ.എം.എ ആപ്പ് വഴി മാത്രം നടത്തേണ്ടതാണെന്ന് കാണിച്ച് സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത് ബാബു സർക്കുലർ പുറപ്പെടുവിച്ചു. പുതിയ സംവിധാനം പ്രാബല്യത്തിലാകുന്നതോടെ സഹകരണ മേഖലയിലെ പരിശോധനകൾ കൂടുതൽ കാര്യക്ഷമവും സുതാര്യവും ആകുമെന്നാണ് സഹകരണ വകുപ്പിന്റെ വിലയിരുത്തൽ.
ഏത് സംഘത്തിലാണ് ഇൻസ്‌പെക്ടർമാർ പരിശോധനയ്ക്ക് പോകേണ്ടതെന്ന് രാവിലെ 8 മണിക്ക് മാത്രമേ ആപ്പിൽ അറിയാൻ കഴിയൂ. യൂനിറ്റ് ഇൻസ്‌പെക്ടർമാർ നിലവിൽ പ്രതിമാസം നടത്തി വരുന്ന മൂന്ന് മിന്നൽ പരിശോധനകളിൽ രണ്ടും ആപ്പ് വഴിയുള്ളതായിരിക്കണം. യൂനിറ്റ് ഇൻസ്‌പെക്ടർമാർ നടത്തിയ പരിശോധനയുടെ കാര്യക്ഷമതയും കൃത്യതയും പരിശോധിക്കുന്നതിനായി ആപ്പ് മുഖേന അസിസ്റ്റന്റ് രജിസ്ട്രാർമാർ രണ്ട് മിന്നൽ പരിശോധനകളും ജില്ലാ ജോയിന്റ് രജിസ്ട്രാർമാർ ഒരു മിന്നൽ പരിശോധനയും മാസം തോറും നടത്തേണ്ടതാണ്.
ജോയിന്റ് രജിസ്ട്രാർമാരുടെ പരിശോധനാ റിപ്പോർട്ട് നേരിട്ട് സഹകരണ സംഘം രജിസ്ട്രാർക്ക് സമർപ്പിക്കണമെന്നും സർക്കുലർ നിർദേശിക്കുന്നു. നിലവിൽ ഏത് സംഘത്തിൽ പരിശോധനയ്ക്ക് പോകണമെന്ന് തീരുമാനിക്കുന്നത് ഇൻസ്‌പെക്ടർമാരാണ്. മാസത്തിൽ നടത്തേണ്ട 5 പരിശോധനകൾ അവർതന്നെയാണ് തീരുമാനിക്കുന്നത്. വീട്ടിലിരുന്ന് റിപ്പോർട്ട് തയാറാക്കുന്ന രീതിയും ചിലർ അവലംബിക്കുന്നുണ്ട്. ഇതിനെല്ലാം തടയിടലാകും പുതിയ ആപ്പ് സംവിധാനം.
അതേസമയം, മൊബൈൽ ആപ്ലിക്കേഷൻ മിന്നൽ പരിശോധനാ സംവിധാനത്തിൽ സഹകരണ വകുപ്പ് ജീവനക്കാർ ആശങ്കയിലാണ്. ഏത് സംഘത്തിൽ പരിശോധന നടത്തണമെന്ന് രാവിലെ മാത്രം അറിയുന്നത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് കോഓപ്പറേറ്റീവ് ഇൻസ്‌പെക്ടേഴ്‌സ് ആൻഡ് ഓഡിറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."