പ്രകൃതി ചരിത്ര മ്യൂസിയം ലോക നിലവാരത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ ഏക പ്രകൃതി ചരിത്ര മ്യൂസിയം ലോക നിലവാരത്തിലേക്കുയര്‍ത്തുന്നു. മ്യൂസിയം മൃഗശാലാ വകുപ്പ് മൂന്നു വര്‍ഷം മുന്‍പ് സമര്‍പ്പിച്ച പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. നാല് കോടിരൂപയാണ് അനുവദിച്ചത്. ഒരു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കി കമ്മിഷന്‍ ചെയ്യാനാണ് തീരുമാനം.
തിരുവനന്തപുരത്തുള്ള മ്യൂസിയത്തില്‍ 1600 ഓളം സസ്തനികളുടേയും അതിലേറെ പക്ഷികളുടേയും രൂപങ്ങളാണുള്ളത്. രാജ്യത്തെ ഏറ്റവും വലിയ ശേഖരങ്ങളുള്ള മ്യൂസിയമാണിത്. ചരിത്രാതീത കാലത്തു ജീവിച്ചിരുന്നതും നിലവിലില്ലാത്തതുമായ മൃഗങ്ങള്‍, പൂര്‍ണമായി വംശ നാശം സംഭവിക്കുന്ന മൃഗങ്ങള്‍ എന്നിങ്ങനെ പ്രത്യേകം പ്രദര്‍ശിപ്പിക്കും. ഇത്തരം 20 ഓളം മൃഗങ്ങളുടേയും പക്ഷികളുടേയും അസ്ഥികൂടങ്ങളും പ്രതിരൂപങ്ങളും തൊലിയുമാണുള്ളത്. ദിനോസറുകള്‍, മാമത്ത്, ഡോടോ, ഇന്ത്യന്‍ ചീറ്റ, സവാരി പ്രാവ്, പിങ്ക് ഹെഡ് ഡക്ക്, വൂളി റൈനോ തുടങ്ങിയവയാണ് വംശനാശം സംഭവിച്ചവ. ജീവികളുടെ ഭൂമിശാസ്ത്രപരമായ ഘടന നിലനിര്‍ത്താനായി സൂ ജിയോഗ്രാഫിക്കല്‍ കാറ്റഗറൈസേഷന്‍ നടത്തും.
ആഫ്രിക്ക, അമേരിക്ക, ഏഷ്യന്‍ സോണുകളായി തിരിച്ചാണ് ഇത് നടപ്പാക്കുന്നത്. ആഫ്രിക്കന്‍ വനാന്തരങ്ങളുടെ പശ്ചാത്തലമൊരുക്കി അവിടെയുള്ള മൃഗങ്ങളുടെ രൂപങ്ങള്‍, അസ്ഥികൂടങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കും. അതേ മാതൃകയില്‍ തന്നെ അമേരിക്കന്‍, ഏഷ്യന്‍ കാടുകളുടെ പശ്ചാത്തലമൊരുക്കും. മ്യൂസിയത്തില്‍ സ്റ്റഫ് ചെയ്ത് പ്രദര്‍ശിപ്പിച്ചിട്ടുള്ള മൃഗങ്ങളുടെ വംശം, ജീവിച്ചിരുന്ന കാലഘട്ടം, വയസ്സ് തുടങ്ങിയ വിവരങ്ങള്‍ വേഗത്തില്‍ മനസ്സിലാക്കാന്‍ മോണിറ്റര്‍ സ്‌ക്രീന്‍ സജ്ജീകരിക്കും. ഏതു മൃഗങ്ങളെ കുറിച്ചുള്ള വിവരങ്ങളും ജീവിച്ചിരുന്ന കാലത്തെ കുറിച്ചും വംശനാശം സംഭവിച്ചതെങ്ങെനെയെന്നുള്ള വിവരങ്ങളാണ് തയാറാക്കിയിട്ടുള്ളത്. മ്യൂസിയം സൂപ്രണ്ട് അബുവിന്റെ നേതൃത്വത്തിലുള്ള സംഘം വിവര ശേഖരണം നടത്തി വരികയാണ്.
മൂന്നു ടച്ച് സ്‌ക്രീനുകളും സ്ഥാപിക്കും. മ്യൂസിയത്തില്‍ ഗവേഷകര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും മാത്രമായി മൃഗങ്ങളുടേയും പക്ഷികളുടേയും വിവരങ്ങള്‍ പഠിക്കുന്നതിനും അറിയുന്നതിനും പ്രത്യേക പഠന മുറി തയാറാക്കും. ലോകത്തെ എല്ലാ പക്ഷിമൃഗാദികളുടേയും വിവരങ്ങളടങ്ങിയ അച്ചടിച്ച നിഘണ്ടു ഇവിടെയുണ്ടാകും. 2000ത്തോളം പക്ഷികളുടെ വിവരങ്ങളാണ് ഇതിനായി ശേഖരിച്ചിരിക്കുന്നത്.
ഡോ. സാലിം അലിയടക്കമുള്ള പക്ഷി ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തങ്ങള്‍, വിവരണങ്ങള്‍ എന്നിവയും പശ്ചിമഘട്ടത്തില്‍ മാത്രം കണ്ടുവരുന്ന 200 ഓളം തവളകളുടെ അപൂര്‍വ ചിത്രങ്ങളും ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."