ഈ മനോഹരതീരം സൗഹൃദഗാനം ആലപിക്കട്ടെ
1953 ല്‍ ശൈഖ് അബ്ദുല്ലയെ അറസ്റ്റുചെയ്തപ്പോഴും, 1963ല്‍ ഹസ്രത്ത് ബാല്‍ മസ്ജിദില്‍ തിരുകേശം അപ്രത്യക്ഷമായപ്പോഴും 1984ല്‍ മഖ്ബൂല്‍ ബട്ട് വധശിക്ഷയ്ക്കു വിധേയമായപ്പോഴും 2013ല്‍ അഫ്‌സല്‍ ഗുരു തൂക്കിലേറ്റപ്പെട്ടപ്പോഴുമൊക്കെ കശ്മിര്‍ അസ്വസ്ഥമായിരുന്നു. അതിനുശേഷം കഴിഞ്ഞ കാല്‍നൂറ്റാണ്ടിലെ ഏറ്റവും കലുഷിതമായ അന്തരീക്ഷമാണ് ഒന്നരമാസത്തിലേറെയായി ഉണ്ടായിരിക്കുന്നത്.
നിവ്ഹാട്ടയില്‍ ഇര്‍ഫാന്‍ അഹ്മദ് എന്നയാള്‍ മരിച്ചത് ടിയര്‍ഗ്യാസ് ഷെല്‍ നെഞ്ചിലിടിച്ചാണ്. കുവോപാറയില്‍ വണ്ടിയില്‍ പോവുകയായിരുന്ന ഒരു ഇമാമിനു നേരെയായിരുന്നു സെക്യൂരിറ്റിക്കാരുടെ ആക്രമണം. ശബീര്‍ അഹ്മദ് എന്ന 32 കാരനായ അധ്യാപകന്റെ മരണം ഒഴിവാക്കേണ്ടതായിരുന്നുവെന്നു കമാന്‍ഡര്‍ എച്ച്.സി ഹവൂഡ തന്നെ പറയുന്നു. വിവാഹപ്പാര്‍ട്ടി സഞ്ചരിക്കുകയായിരുന്ന വാഹനം തടഞ്ഞുവച്ചു വെടിവച്ചുവെന്നുപോലും ആരോപണമുണ്ടായി.
ശ്രീനഗറിലെ ആദ്യശസ്ത്രക്രിയയ്ക്കുശേഷം ഡല്‍ഹി ആശുപത്രിയിലേയ്ക്കുകൊണ്ടുവന്ന ഷോപിയാന്‍കാരിയായ പെണ്‍കുട്ടിയെ ചെന്നുകണ്ട സി.പി.എം നേതാവ് വൃന്ദാകാരാട്ട് പറഞ്ഞത്, കെട്ടിടത്തിന്റെ ജനലിലൂടെ പുറത്തേയ്ക്കു നോക്കുമ്പോഴാണു തനിക്കു വെടിയേറ്റതെന്ന് ആ കുട്ടി പറഞ്ഞുവെന്നാണ്. കൂട്ടായ ആക്രമണം നേരിടാന്‍ തങ്ങള്‍ക്കു പെല്ലറ്റ് പ്രയോഗമല്ലാതെ വഴിയില്ലെന്നു സി.ആര്‍.പി.എഫ് പറയുമ്പോള്‍ രാജ്യാന്തരനീതിക്കു വിരുദ്ധമാണ് ഈ നടപടിയെന്നു ആംനസ്റ്റി ഇന്റര്‍നാഷനല്‍ ചൂണ്ടിക്കാട്ടുന്നു.
ഭീകരസംഘടനകള്‍ക്കു പാക്‌സൈന്യം നേരിട്ടു സഹായം നല്‍കുന്നുവെന്നു ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ പറയുന്നു. ഭീകരപ്രവര്‍ത്തനത്തിനു പിടികൂടപ്പെട്ട ബഹാദുര്‍ അലിയുടെ കുറ്റസമ്മതമൊഴിയാണു തെളിവായി പുറത്തുവിട്ടത്.
പാക് അധീനകശ്മിരില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫ-3 എന്ന കണ്‍ട്രോള്‍ റൂമാണത്രേ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചയില്‍ മച്ചില്‍ എന്ന സ്ഥലത്ത് അതിക്രമിച്ചുകയറിയ തീവ്രവാദികള്‍ മൂന്നു ബി.എസ്.എഫ് ജവാന്മാരെ വെടിവച്ചു കൊന്നു. ശ്രീനഗറിലെ ഓഫിസ് കെട്ടിടത്തിനരികെ ദേശീയപതാകയുയര്‍ത്തി അധികം കഴിയുംമുന്‍പാണ് സി.ആര്‍.പി.എഫ് ഭടനായ പ്രമോദ് കുമാര്‍ വെടിയേറ്റു മരിച്ചത്. അനാഥരായ കുട്ടികളെയും വിധവകളായ മാതാക്കളെയും കാണാന്‍ പ്രമോദ് കുമാറിന്റെ ഭാര്യയും മകളും കശ്മിരില്‍ വരട്ടെയെന്നാണു ഹീസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ റിയാസ് മാലിക് വീഡിയോ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്.
ലക്കും ലഗാനുമില്ലാത്ത പൊലിസ് നടപടികളാണു കശ്മിരിലെ അസ്വസ്ഥതയ്ക്കു കാരണമെന്നു രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നു. പൊലിസിനെ സഹായിക്കാന്‍ ബി.എസ്.എഫിനെയും സി.ആര്‍.പി.എഫിനെയും ഇറക്കിയതോടെ ക്രമസമാധാനനില താളംതെറ്റി. പരിചയം കുറഞ്ഞ പൊലിസുകാരാണ് അവിടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നു സുപ്രിംകോടതി നിരീക്ഷിച്ചു. പരുക്കേറ്റവരെ ശുശ്രൂഷിച്ചു തളര്‍ന്ന എസ്.എം.എച്ച്.എസ് ആശുപത്രിയിലെ നഴ്‌സുമാര്‍ പെല്ലറ്റ് പ്രയോഗത്തിനെതിരേ പ്രകടനം നടത്തുകപോലുമുണ്ടായി. കശ്മിരിലെ കാലാകാരന്മാര്‍ പൊലിസ് അതിക്രമങ്ങള്‍ക്കെതിരേ രംഗത്തുവന്നു.
2010ല്‍ കലാപങ്ങളെ നേരിടാന്‍ ഇറക്കിയതായിരുന്നു പെല്ലറ്റ് ഗണ്ണുകള്‍. ചെറിയ ഇരുമ്പുണ്ടകള്‍ തുരുതുരാ വര്‍ഷിക്കാവുന്ന ഓട്ടോമാറ്റിക് തോക്കുകള്‍. ചെന്നുകൊള്ളുന്നതു തലയിലും കണ്ണുകളിലുമൊക്കെയാണ്. രണ്ടായിരത്തിലേറെ ആളുകള്‍ക്കാണ് പെല്ലറ്റ് വര്‍ഷത്തില്‍ പരുക്കേറ്റത്. ആറുപേര്‍ മരിച്ചു.
കാഴ്ച നട്ഷപ്പെട്ടവരില്‍ ഏറെയും കൊച്ചുകുട്ടികളും. രണ്ടും മൂന്നും ശസ്ത്രക്രിയകള്‍ക്കുശേഷവും കാഴചശക്തി തിരിച്ചുകിട്ടാത്തവര്‍ നിരവധി. ഒരു മാസത്തിനകം പതിമൂന്നു ലക്ഷം പെല്ലറ്റുകള്‍ ഉതിര്‍ത്തതായി സെന്‍ട്രല്‍ റിസര്‍വ് പൊലിസ് തന്നെ ജമ്മു-കശ്മിര്‍ ഹൈക്കോടതിയില്‍ സമ്മതിക്കുകയും ചെയ്തു.
സോപാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ ഡാനിഷ് റസൂല്‍ മരിച്ചതു കഴുത്തില്‍ പെല്ലറ്റുകള്‍ തറച്ചാണ്. ഷോപിയാനിലെ അമീര്‍ ബഷീര്‍ ലോണെ എന്ന പതിനേഴുകാരന്റെ തലയിലാണു പെല്ലറ്റ് തുളച്ചുകയറിയത്. അഹമദ് ഷാ എന്ന ഇരുപത്തൊന്നുകാരന്റെ ശരീരത്തില്‍നിന്നു പുറത്തെടുത്തത് 300 പെല്ലറ്റുകളായിരുന്നു. ഇങ്ങനെ എത്രയെത്ര ചെറുപ്പക്കാര്‍..!
പ്രതിപക്ഷം ആവശ്യപ്പെട്ടതനുസരിച്ച് കശ്മിര്‍ സംഭവം ചര്‍ച്ചചെയ്ത പാര്‍ലമെന്റിലുയര്‍ന്ന മുഖ്യശബ്ദം അഖിലകക്ഷിസംഘത്തെ ഉടനടി അവിടേയ്ക്ക് അയക്കണമെന്നാണ്. രാജ്‌നാഥ് സിങ് ശ്രീനഗര്‍ സന്ദര്‍ശിച്ചപ്പോഴും മുന്‍ മുഖ്യമന്ത്രി ഉമര്‍ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷസംഘം രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും ചെന്നുകണ്ടപ്പോഴും ഉന്നയിച്ചത് ഈ ആവശ്യമായിരുന്നു. അങ്ങനെയാണതു തീരുമാനിച്ചത്.
അതിനു സഹായകമാംവിധത്തില്‍ അന്‍പതു ദിവസത്തിലേറെനീണ്ട നിരോധനാജ്ഞ പിന്‍വലിച്ചിട്ടുണ്ട്. പെല്ലറ്റുകള്‍ക്കു പകരം മുളകുപൊടി നിറച്ച 'പവ' ഷെല്ലുകള്‍ ഉപയോഗിക്കാന്‍ കേന്ദ്രം അനുമതി നല്‍കിക്കഴിഞ്ഞു. അതിനിടയില്‍, വെടിയേറ്റു മരിച്ച ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍വാനിയുടെ പിതാവും ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കറുമായി കൂടിക്കാഴ്ച നടത്തിയത് ആശ്വാസം തരുന്നു. സന്ധി സംഭാഷണങ്ങളുടെ ആവശ്യകത നാഷനല്‍ പാന്തേഴ്‌സ് പാര്‍ട്ടി നേതാവായ ഭിംസിങും ഉന്നയിക്കുകയുണ്ടായി.
ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണ് ജമ്മുകശ്മിര്‍ എന്നു പറഞ്ഞുനില്‍ക്കുന്നതു ശരിയല്ലെന്നും പാകിസ്താനും ചൈനയും കശ്മിരിന്റെ പകുതി കീഴടക്കിവച്ചിരിക്കുകയാണെന്നും ഇന്ത്യയുമായി ലയനകരാര്‍ ഒപ്പിട്ട മഹാരാജ ഹരിസിങിന്റെ പുത്രനായ കോണ്‍ഗ്രസ് നേതാവ് കരണ്‍സിങ് പറയുന്നു. രാജ്യരക്ഷ, വാര്‍ത്താവിനിമയം, വിനോദകാര്യം എന്നിവയില്‍ മാത്രമാണ് കേന്ദ്രത്തിന്റെ അധീശത്വം. 1947 ഒക്ടോബര്‍ 27ന് തന്റെ പിതാവ് ഒപ്പിട്ട രേഖയില്‍ സമ്മതിച്ചുകൊടുത്തതത്രെ. കശ്മിരിനു പ്രത്യേക പദവിയും അനുവദിച്ചിരുന്നുവെന്നു കരണ്‍സിങ് പറയുന്നു.
ഒന്നേക്കാല്‍ കോടി ജനങ്ങള്‍ മാത്രമേ ജമ്മുകശ്മിര്‍ എന്ന ഈ സംസ്ഥാനത്തുള്ളൂ. കേരള ജനസംഖ്യയുടെ ഏതാണ്ടു പകുതി മാത്രം. ബഹുഭൂരിപക്ഷവും മുസ്‌ലിംകള്‍. മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനങ്ങളൊക്കെയും പാകിസ്താനില്‍ ലയിച്ചപ്പോള്‍ കശ്മിരിനെ സ്വതന്ത്രസംസ്ഥാനമാക്കി നിലനിര്‍ത്താനായിരുന്നു മഹാരാജ ഹരിസിങ് ഉദ്ദേശിച്ചിരുന്നത്. ഹിന്ദുരാജാവിന്റെ കീഴില്‍ സന്തുഷ്ടരായി കഴിയാന്‍ ആഗ്രഹിച്ച ഭൂരിപക്ഷ സമുദായമായ മുസ്‌ലിംകള്‍ ഇന്ത്യയില്‍ ലയിക്കാന്‍ കശ്മിര്‍ രാജാവ് ഹരിസിങ് കരാര്‍ ഒപ്പിട്ടപ്പോഴും ഭരണഘടനയുടെ 370-ാം വകുപ്പില്‍ ചില പ്രത്യേകാവകാശങ്ങള്‍ അനുവദിച്ചുകൊണ്ടുള്ള തീരുമാനത്തെ സസന്തോഷം സ്വീകരിക്കുകയായിരുന്നു.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനു ഹംസഗാനം ചൊല്ലി ഇന്ത്യ സ്വാതന്ത്ര്യത്തിലേയ്ക്കു പിച്ചവച്ചു കയറിയപ്പോള്‍ മുതല്‍ ഭാരതത്തിന്റെ ഭാഗമായിക്കഴിഞ്ഞ കശ്മിരിനെ ഹിന്ദുരാജാവെന്നപോലെ ബഹുഭൂരിപക്ഷം വരുന്ന അവിടുത്തെ മുസ്‌ലിംജനതയും അംഗീകരിക്കുകയായിരുന്നു. ജമ്മുകശ്മിര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമായി നിലനില്‍ക്കേണ്ടതു നമ്മുടെ മതേതരനിലപാടിന് അത്യന്താപേക്ഷിതമാണ്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളൊക്കെ പാകിസ്താനില്‍ ചേര്‍ക്കണമെന്നായിരുന്നില്ലേ മുസ്‌ലിം ലീഗിന്റെ നിലപാടെന്ന് ഒരു പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ സ്ഥാപകപ്രസിഡന്റ് ഇസ്മാഈല്‍ സാഹിബിനോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത് ഓര്‍മവരുന്നു.
അതിനദ്ദേഹം മറുപടിയായി പറഞ്ഞത്, അത്രയും മുസ്‌ലിം ഭൂരിപക്ഷമുള്ള ഒരു സംസ്ഥാനം ഇന്ത്യക്കു നഷ്ടപ്പെട്ടുകൂടാ എന്നാണ് തങ്ങളുടെ നിലപാട് എന്നായിരുന്നു.
മഞ്ഞണിഞ്ഞ കൊടുമുടികളെ കാവല്‍നിര്‍ത്തി 200 നാഴിക ദൈര്‍ഘ്യമുള്ള വിചിത്രസുന്ദരമായ വനപാതകളൊരുക്കി രാപകല്‍ ഭേദമന്യേ സന്ദര്‍ശകരെ മാടിവിളിക്കുന്ന, സഞ്ചാരികളുടെ സ്വര്‍ഗമായ കശ്മിര്‍ ഒരിക്കലും കലാപഭൂമിയായിക്കൂടാ. ഇളകിമറിയുന്ന നദീജലവും അവയില്‍ നീന്തിനടക്കുന്ന നൗകാഗൃഹങ്ങളും സൗഹൃദത്തിന്റെ കഥപറയേണ്ടവയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."