ഓഹരി തട്ടിപ്പ് ആരോപണം; മാധബി പുരി ബുച്ചിന് ആശ്വാസം, കേസെടുക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ബോംബെ ഹൈക്കോടതി
ന്യൂഡല്‍ഹി: ഓഹരി വിപണിയിലെ തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) മുന്‍ ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനെതിരെ കേസെടുക്കാനുള്ള കീഴ്‌ക്കോടതി ഉത്തരവ് താല്‍ക്കാലികമായി സ്‌റ്റേ ചെയ്ത് മുംബൈ ഹൈക്കോടതി. എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാധബി പുരി ബുച്ച് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
വിശദാംശങ്ങളിലേക്ക് കടക്കാതെയും പ്രതികളുടെ പ്രത്യേകമായ പങ്ക് ആരോപിക്കാതെയും യാന്ത്രികമായി പാസാക്കിയതാണ് മാര്‍ച്ച് ഒന്നിന് പ്രത്യേക കോടതി പുറപ്പെടുവിച്ച ഉത്തരവെന്ന് ജസ്റ്റിസ് ശിവകുമാര്‍ ദിഗെ ചൂണ്ടിക്കാട്ടി.
മുംബൈയിലെ പ്രത്യേക പീപ്പിള്‍സ് കോടതിയാണ് മാധബി പുരി ബുച്ചിനും അഞ്ച് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആന്റി-കറപ്ഷന്‍ ബ്യൂറോയോട് നിര്‍ദേശിച്ചിരുന്നത്. സെബിയുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് കോടതിയില്‍ ഉയര്‍ന്ന പ്രധാന ആരോപണം.
മാധബി പുരി ബുച്ച് 2022-ല്‍ സെബി ചെയര്‍പേഴ്സണായി ചുമതലയേറ്റിരുന്നു. ഓഹരി വിപണിയില്‍ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും നിക്ഷേപകരുടെ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമുള്ള നിരവധി പരിഷ്‌കാരങ്ങള്‍ ബുച്ച് മുന്നോട്ടുകൊണ്ടുവന്നിരുന്നെങ്കിലും, ബുച്ചിന്റെ ഭരണകാലത്തെ ചില തീരുമാനങ്ങള്‍ വിവാദമായിരുന്നു. ഈ കേസ് ഓഹരി വിപണി നിയന്ത്രണ സംവിധാനത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതിനാല്‍, വരും ദിവസങ്ങളില്‍ ഇത് സാമ്പത്തിക രംഗത്ത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി ഒരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."