ഉണ്ണിമാങ്ങ പൊഴിഞ്ഞുവീഴാതിരിക്കാന്‍ വെള്ളമൊഴിക്കേണ്ടത് മാവിന്റെ ചുവട്ടിലല്ല;..പകരം ഇങ്ങനെ ചെയ്‌തോളൂ
മാര്‍ച്ച് മാസമാണ്, നാട്ടിലെ മാവുകളില്‍ എല്ലാം ഉണ്ണിമാങ്ങകള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടാകും. നവംബര്‍-ഡിസംബര്‍ ആകുമ്പോള്‍ തന്നെ മാവ് പൂക്കാന്‍ തുടങ്ങും. സാധാരണ ഗതിയില്‍ മാവ് പൂത്ത് കഴിഞ്ഞാല്‍ മാങ്ങയായി മൂപ്പെത്താന്‍ തൊണ്ണൂറ് ദിവസം വേണം. ചില ഇനങ്ങള്‍ക്ക് 100-105 ദിവസം വരെയെടുത്തേക്കാം.
എന്നാല്‍ അതിശക്തമായ ചൂട് കാരണം മാങ്ങകള്‍ പൊഴിഞ്ഞുവീഴുന്നതും ഇന്നത്തെ കാലത്ത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്.. വീട്ടിലെ മാങ്ങകള്‍ പാകമെത്തുന്നതിന് മുന്‍പ് കൊഴിഞ്ഞുപോകുന്നുണ്ടെങ്കില്‍ അല്‍പം കരുതല്‍ നല്‍കണം.

പലപ്പോഴും ഒട്ടുമിക്ക ആളുകളും ആദ്യം ചെയ്യുന്നത് കുറച്ചുസമയം ഇടവിട്ട് ഇടവിട്ട് മാവിന് ചുവട്ടില്‍ വെള്ളം ഒഴിക്കുകയാണ്. എന്നാല്‍ ഈ രീതി തന്നെ തെറ്റാണ്. അതായത് വെള്ളം മാവിന്റെ ചുവട്ടില്‍ മാത്രമല്ല നല്‍കേണ്ടത്. ചുവട്ടില്‍ നിന്ന് മാറി ശിഖരങ്ങള്‍ നില്‍ക്കുന്നതിന്റെ പകുതിയോളം ദൂരം മുതല്‍ പുറത്തേക്ക് വേണം ജലസേചനം നടത്താന്‍. കാരണം വേരുകള്‍ അത്രയും ദൂരം പടര്‍ന്നിട്ടുണ്ടാകും. ഈ രീതി കൃത്യമായി നടപ്പിലാക്കിയാല്‍ ഉണ്ണിമാങ്ങകള്‍ പൊഴിയില്ല.
ഇനി പൂക്കാത്ത മാവ് പൂക്കാനും വഴികളുണ്ട്. അതിനായി ചില പൊടികൈകള്‍ ചെയ്യേണ്ടതുണ്ട്. കല്‍ട്ടാര്‍ പോലുള്ള ഹോര്‍മോണുകള്‍ മാവ് പൂക്കുവാന്‍ ഉപയോഗപ്പെടുത്താറുണ്ട്. എന്നാല്‍ ഇത്തരം രാസപദാര്‍ത്ഥങ്ങളുടെ ഉപയോഗം പല രീതിയില്‍ ദോഷകരമായി ഭവിക്കും. അതുകൊണ്ട് ചെലവ് കുറഞ്ഞ രീതി ചെയ്താല്‍ മതിയാകും. അതായത് 'കഞ്ഞിവെള്ള പ്രയോഗം'. കഞ്ഞിവെള്ളം കൊണ്ട് ഉണ്ടാക്കുന്ന മിശ്രിതം മാത്രം മതി ഏതു പൂക്കാത്ത മാവും പൂക്കാന്‍. ചെറിയ മാവിന് വേണ്ടി വരുന്ന കഞ്ഞിവെള്ളം ഉപയോഗിച്ചിട്ടുള്ള മിശ്രിതത്തിന്റെ കണക്കാണ് പറയുന്നത്.

ഒരു ലിറ്റര്‍ കഞ്ഞിവെള്ളത്തില്‍ നന്നായി കുതിര്‍ത്ത 250 ഗ്രാം കടലപിണ്ണാക്ക് നന്നായി ഇളക്കി ചേര്‍ക്കുക. അതിലേക്ക് ഒരു കപ്പ് പച്ചചാണകമോ ചാണകവെള്ളമോ ചേര്‍ക്കുക. പിന്നീട് 100 ഗ്രാം ശര്‍ക്കര പൊടിച്ചത് കൂടി ചേര്‍ത്ത് ഇളക്കുക. ഇതിനു ശേഷം 1/2 കപ്പ് എല്ലു പൊടി നന്നായി ഇളക്കി ചേര്‍ത്ത് എടുത്താല്‍ ഈ മിശ്രിതം തയ്യാറാക്കാം.
തുടര്‍ന്ന് മാവിന്റെ ചുവട്ടില്‍ നിന്ന് ഒരു മീറ്റര്‍ അകലെ 1/2 അടി താഴ്ചയില്‍ തടം എടുക്കുക. ഈ തടത്തിലേക്കു ലായിനി മുഴുവനായി ഒഴിച്ച് ചേര്‍ത്ത് മണ്ണിട്ട് മൂടണം. ഇതിനു ശേഷം വൈക്കോലോ ചപ്പുചവറുകളോ ചേര്‍ത്ത് ചെറിയ രീതിയില്‍ കത്തിച്ചു പുക കൊള്ളിക്കുക. ഇങ്ങനെ ചെയ്താല്‍ മാവ് പെട്ടെന്ന് പൂക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."