മലയാളി കരുത്തിൽ ലോകകപ്പിനൊരുങ്ങി ഇംഗ്ലണ്ട്; ടീമിൽ ക്യാപ്റ്റനടക്കം നാല് മലയാളി താരങ്ങൾ
ലണ്ടൻ: കബഡി ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ മലയാളി തരംഗം. ഇംഗ്ലണ്ട് വനിതാ കബഡി ടീമിൽ ക്യാപ്റ്റൻ ഉൾപ്പെടെ നാല് മലയാളികളാണ് ഇടം നേടിയത്. എറണാകുളം വൈപ്പിൻ നായരമ്പലം സ്വദേശിയായ ആതിര സുനിലാണ് ഇംഗ്ലണ്ട് വനിതാ കബഡി ടീമിനെ നയിക്കുക. ആതിരയ്ക്ക് പുറമേ ടീമിൽ മൂന്ന് മലയാളികളും ഇടം നേടിയിട്ടുണ്ട്. കോട്ടയം ഏറ്റുമാനൂർ സ്വദേശി പേഴ്സി മോൾ കെ പ്രേണി, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളായ നീരജ ഉണ്ണി, നീലിമ ഉണ്ണി എന്നിവരുമാണ് ഇംഗ്ലണ്ട് ടീമിലെ മറ്റ് മലയാളി സാന്നിധ്യം. ബ്രിട്ടീഷ് കബഡി ലീഗിലെ ജേതാക്കളായ നോട്ടിങ്ഹാം ക്യുൻസിന്റെ താരങ്ങളായിരുന്നു ഇവർ നാല് പേരും.
വനിതാ ടീമിന് പുറമേ പുരുഷന്മാരുടെ ടീമിലും മലയാളി താരങ്ങളുണ്ട്. ഇംഗ്ലണ്ട് പുരുഷ കബഡി ടീമിന്റെ കോച്ചും രണ്ട് താരങ്ങളും മലയാളികളാണ്. മലപ്പുറം പൊന്നാനി സ്വദേശിയായ കെ മഷൂദ്, കാസർഗോഡ് ചെറുവത്തൂർ സ്വദേശി അഭിജിത്ത് കൃഷ്ണൻ എന്നിവരാണ് ഇംഗ്ലണ്ട് പുരുഷ കബഡി ടീമിലെ മലയാളി താരങ്ങൾ. ടീമിന്റെ പരിശീലകൻ മാത്യു സജുവാണ്. 2019 മുതൽ ഇംഗ്ലണ്ടിൽ താമസിക്കുന്ന സാജു കബഡിയിൽ ഇംഗ്ലണ്ടിനുവേണ്ടി കളിച്ച ആദ്യ മലയാളി താരം കൂടിയാണ്. ബികെഎൽ ഫ്രാഞ്ചൈസിയായ നോട്ടിങ്ഹാം റോയൽസിന്റെ സഹ ഉടമ കൂടിയാണ് മാത്യു. മലയാളി കരുത്തിൽ ഇംഗ്ലണ്ട് ടീം കബഡി കിരീടം നേടുമോയെന്ന് കണ്ടുതന്നെ അറിയണം.
മാർച്ച് 17 മുതൽ 23 വരെയാണ് കബഡി ലോകകപ്പ് നടക്കുന്നത്. ഗ്രൂപ്പ് എയിലാണ് ഇംഗ്ലണ്ട് ടീം ഇടം നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിന് ഒപ്പം ഗ്രൂപ്പ് ഹോങ്കോങ്ങ്, പോളണ്ട് ടാൻസാനിയ എന്നീ ടീമുകളാണ് കിരീടത്തിനായി മത്സരിക്കുന്നത്. ഗ്രൂപ്പ് ബിയിൽ ഇന്ത്യ ഈജിപ്ത്, സ്കോട്ലാൻഡ്, കെനിയ എന്നീ രാജ്യങ്ങളുമാണ് ഉള്ളത്. ഇംഗ്ലണ്ടിലെ നാല് നഗരങ്ങളിലാണ് ടൂർണമെന്റിലെ മത്സരങ്ങൾ നടക്കുന്നത്. 60 മത്സരങ്ങളാണ് ടൂർണമെന്റിൽ ഉണ്ടായിരിക്കുക. ടൂർണമെന്റിന്റെ ഉദ്ഘാടനം മത്സരത്തിൽ ഇംഗ്ലണ്ടും ക്യാമറയും ആണ് നേർക്കുനേർ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."