ഹോട്ടലുകളില്‍ പരിശോധന; മലിനജലം റോഡിലേക്കൊഴുക്കിയ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
കാളികാവ്: കാളികാവിലേയും പരിസര പ്രദേശങ്ങളിലേയും ഹോട്ടലുകളിലും ശീതളപാനിയ വില്പന കേന്ദ്രങ്ങളിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. മലയോരമേഖലയില്‍ പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യത്തിലാണു ശുചിത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പരിശോധന നടത്തിയത്. ശുചിത്വ കാര്യങ്ങളില്‍ പോരായ്മ കാണിച്ച സ്ഥാപനങ്ങള്‍ക്കെതിരേ നോട്ടിസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തു. ഹോട്ടലുകളില്‍ നിന്നും കൂള്‍ബാറുകളില്‍ നിന്നുമുള്ള മലിനജലം റോഡിലേക്ക് ഒഴുക്കിവിടുന്ന സ്ഥാപനങ്ങള്‍ പരിഹാരമാര്‍ഗം കണ്ടെത്തുന്നതുവരെ അടച്ചുപൂട്ടാനും അരോഗ്യ വകുപ്പു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹോട്ടലുകളില്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിവെള്ളമായി ഉപയോഗിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ക്കു ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമായി ഉണ്ടായിരിക്കണമെന്നും നിര്‍ദേശിച്ചു. പുകയില നിയന്ത്രണ നിയമപ്രകാരം ഹോട്ടലുകള്‍, ബേക്കറി, ശീതള പാനിയ വില്പനകേന്ദ്രങ്ങള് എന്നിവിടങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാനും സൂക്ഷിക്കാനും പാടില്ലെന്ന മുന്നറിയിപ്പും അധികൃതര്‍ കച്ചവടക്കാര്‍ക്കു നല്കി.
പരിശോധനയ്ക്കു കാളികാവ് സി.എച്ച് സി.യിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. മുഹമ്മദലി, ജെ.എച്ച്.ഐമാരായ എ.പി പ്രമോദ്കുമാര്‍, യു.സുധീഷ് എന്നിവര്‍ നേതൃത്വം നല്കി. വരുംദിവസങ്ങളില്‍ ശുചിത്വ പരിശോധന കാര്യക്ഷമമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."