എന്നെ എംഎല്‍എ ആക്കിയത് മുസ്‌ലിം ലീഗ്, വെള്ളാപ്പള്ളിക്ക് മറുപടിയുമായി യുസി രാമന്‍
കോഴിക്കോട്: മലപ്പുറത്തിനും മുസ്‌ലിം ലീഗിനുമെതിരായ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ദലിത് ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ യുസി രാമന്‍.
യുസി രാമന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട വെള്ളാപ്പള്ളി നടേശന്ന്, മുസ്‌ലിം വിഭാഗത്തില്‍ നിന്നല്ലാതെ ഒരാളെയെങ്കിലും മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയാക്കിയിട്ടുണ്ടോ എന്ന് അങ്ങ് ചോദിച്ചതായി കേട്ടു. വിനീതനായ ഞാന്‍ രണ്ടു തവണ മുസ്ലിം ലീഗിന്റെ എംഎല്‍എ ആയിരുന്നു എന്നത് താങ്കള്‍ക്കറിയില്ലേ, അതോ ഞാന്‍ പട്ടികജാതിക്കാരനായത് കൊണ്ട് കണ്ണില്‍പെടാത്തത് കൊണ്ടാണോ? ഞാനിന്ന് മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കൂടിയാണ്.
ഞാന്‍ മാത്രമല്ല അങ്ങനെ എത്ര പേര് ജനപ്രതിനിധികളാകുകയും മത്സരിക്കുകയും ചെയ്തു മുസ്‌ലിം ലീഗില്‍. സാമാന്യ വര്‍ത്തമാന ചരിത്രം പോലും മനസ്സിലാക്കാതെയാണോ താങ്കള്‍ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തുന്നത്?
നൂറുകണക്കിന് ത്രിതല ജനപ്രതിനിധികളും ത്രിതല സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരും മുസ്‌ലിം ലീഗ് ബാനറില്‍ മറ്റ് സമുദായങ്ങളില്‍ നിന്നുണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ട്.
ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാരെയും ആദിവാസി സമുദായക്കാരെയും ചേര്‍ത്ത് പിടിക്കുന്നതും അവര്‍ക്ക് എല്ലാവിധ അവകാശങ്ങളും വകവെച്ചു കൊടുക്കുന്നതും മുസ്‌ലിം ലീഗ് എന്ന എന്റെ പാര്‍ട്ടിയാണ് എന്ന് ഞാന്‍ അഭിമാനത്തോടെ പറയും.
സവര്‍ണ സമുദായത്തിലെ മനുഷ്യര്‍ പോലും മുസ്‌ലിം ലീഗിന്റെ പ്രഭാഷകരും നേതാക്കളുമായി ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അങ്ങേക്ക് സംശയമുണ്ടെങ്കില്‍ അക്കമിട്ട് സംസ്ഥാനത്തെ ഓരോ പ്രദേശത്തെയും ജനപ്രതിനിധികളും പ്രവര്‍ത്തകരുമായ മുസ്‌ലിം ലീഗിലെ ഇതര മതസ്ഥരുടെ മുഴുവന്‍ വിശദവിവരങ്ങളും തരാന്‍ ഞാന്‍ തയ്യാറാണ്.
എല്ലാ വിഭാഗം ജനങ്ങളുടെ വിശ്വാസ്യത ആര്‍ജ്ജിച്ചു കൊണ്ട് തെളിച്ചമുള്ള വെളിച്ചമായി കേരളത്തില്‍ മുന്നേറുന്ന മുസ്‌ലിം ലീഗിനെ കുറിച്ച് നടത്തിയ അപക്വമായ പ്രസ്താവന എത്രയും പെട്ടെന്ന് പിന്‍വലിച്ചു കേരളീയ സമൂഹത്തോട് താങ്കള്‍ മാപ്പ് പറയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
യു.സി രാമന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."