കാന്‍സര്‍ ബാധിതരേയും നിരാലംബരേയും സഹായിക്കാന്‍ കില മുന്‍കൈ എടുക്കുന്നു
മുളങ്കുന്നത്തുകാവ്: കാന്‍സര്‍ ബാധിതരേയും നിരാലംബരായ അവരുടെ കുടുംബങ്ങളേയും ശാക്തീകരിക്കുന്നതിനു കില മുന്‍കൈ എടുക്കുന്നു. സ്വയം സഹായ സഹകരണങ്ങള്‍ രൂപീകരിച്ച് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനു അവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
സ്വയം ശാക്തീകരണത്തിനോടൊപ്പം സമാനപ്രശ്ങ്ങള്‍ അനുഭവിക്കുന്ന മറ്റു സ്ത്രീകളുടെ കൂടി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പര്യാപ്തമായ രീതിയില്‍ വരുമാനദായക പ്രവര്‍ത്തനങ്ങളില്‍ എങ്ങനെ ഏര്‍പ്പെടാം, എങ്ങനെ നേതൃത്വവാഹകരാകാം എന്നതു കൂടി ലക്ഷ്യമാണ്.
കണ്ണൂര്‍ ജില്ലയിലെ ചുഴലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആര്‍ട് കാന്‍സര്‍ കെയറിന്റെ സഹകരണത്തോടെ ഇവര്‍ക്കു സാന്ത്വനപരിചരണ മാനേജ്‌മെന്റില്‍ പരിശീലനം നല്‍കുകയാണ് ആദ്യപടി.
കാന്‍സര്‍ ബാധിതരും അവരുടെ കുടുംബാംഗങ്ങളുമായ പതിനാറുസ്ത്രീകള്‍ രണ്ടുദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. കില ഡയറക്ടര്‍ ഡോ.പി.പി ബാലന്‍ ഉദ്ഘാടനം ചെയ്തു.
ഡോ. പീറ്റര്‍.എം.രാജ്, എം.ജി കാളിദാസന്‍, കോര്‍ഡിനേറ്റര്‍ ഭാസ്‌കരന്‍ പള്ളിക്കര എന്നിവര്‍ സംസാരിച്ചു. പ്രശസ്ത ആര്‍ടിസ്റ്റ് എബി.എന്‍.ജോസഫ് ചെയര്‍മാനായുള്ള ആര്‍ട് കാന്‍സര്‍ കെയറിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ വസ്ത്രനിര്‍മാണ യൂനിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. വസ്ത്രങ്ങള്‍ക്കു പുറമെ ടേബില്‍ മാറ്റ്, കാരിബാഗ് എന്നിവയാണ് ഇവിടെ നിര്‍മിച്ചു വരുന്നത്.
ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ്, വിവിധ കൈത്തറി സഹകരണസംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഈ യൂനിറ്റ് പ്രവര്‍ത്തിച്ചുവരുന്നത്. ചുഴലിക്കു പുറമെ സുല്‍ത്താന്‍ ബത്തേരിയിയും ബാംഗ്‌ളൂരും ഇതിനു ശാഖകളുണ്ട്.
മൈക്രോ തൊഴില്‍ സംരഭങ്ങളെക്കുറിച്ച് കുടുംബശ്രീ അസി.മിഷന്‍ കോഡിനേറ്റര്‍ വിനീതയും സംരഭകശേഷി വികസനത്തെക്കുറിച്ച് രാജന്‍.ടി.നായരും ക്ലാസ്സെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."