കണിക ജലസേചന സംവിധാനങ്ങള്‍; കര്‍ഷകര്‍ക്കായി സോഫ്റ്റ്‌വെയര്‍
മണ്ണുത്തി: കണിക ജലസേചന സംവിധാനങ്ങള്‍ സ്വയം രൂപകല്‍പ്പന ചെയ്യാന്‍ കര്‍ഷകര്‍ക്ക് സഹായിയായി കാര്‍ഷിക സര്‍വകലാശാലയുടെ സോഫ്റ്റ്‌വെയര്‍. സര്‍വകലാശാലയിലെ കാര്‍ഷിക എന്‍ജിനീയറിങ് വിഭാഗം വികസിപ്പിച്ചെടുത്ത ഇഡിഡ് (ഇലക്‌ട്രോണിക് ഡിവൈസ് ഫോര്‍ ഡ്രിപ്പ് ഇറിഗേഷന്‍ ഡിസൈന്‍) എന്ന സോഫ്റ്റ്‌വെയര്‍ സങ്കീര്‍ണമായ കണിക ജലസേചന രൂപകല്‍പന ലളിതമാക്കും. ഈ സോഫ്റ്റ്‌വെയറില്‍ കൃഷിസ്ഥലം സ്ഥിതി ചെയ്യുന്ന ജില്ല, കൃഷിയിടത്തിന്റെ വിസ്തീര്‍ണം, വിളയിനം എന്നീ അടിസ്ഥാന വിവരങ്ങള്‍ നല്‍കുന്നതിനുസരിച്ച് ആ കൃഷിയിടത്തിനും വിളക്കും ഏറ്റവും അനുയോജ്യമായ കണിക ജലസേചന സംവിധാനത്തിന്റെ രൂപകല്‍പന, രൂപരേഖ, എസ്റ്റിമേറ്റ്, ആവശ്യമായ ഫെര്‍ട്ടിഗേഷന്‍, ഫില്‍ട്ടറേഷന്‍ ഉപകരണങ്ങള്‍, പമ്പ്‌സെറ്റ് എന്നിങ്ങനെയുള്ള വിവരങ്ങള്‍ ഈ സോഫ്റ്റ്‌വെയര്‍ ലഭ്യമാക്കും.
ഓരോ ജില്ലയിലെയും റഫറന്‍സ് ക്രോപ്പ് ഇവാപോ ട്രാന്‍സ്പിരേഷന്‍ അനുസരിച്ച് വിളക്കാവശ്യമായ ജല ആവശ്യകത കണ്ടുപിടിച്ച് അത് കണിക ജലസേചനം വഴി നല്‍കാനുള്ള സംവിധാനത്തിന്റെ രൂപകല്‍പന ലഭ്യമാക്കുന്ന രീതിയിലാണ് സോഫ്റ്റ്‌വെയര്‍ സംവിധാനം ചെയ്തിരിക്കുന്നത്. കേരളത്തിലെ പ്രധാന വിളകള്‍ക്കും കൂടാതെ സമ്മിശ്ര കൃഷിക്കും അനുയോജ്യമായ വിധത്തിലാണ് ഈ സോഫ്റ്റ്‌വെയറിന്റെ രൂപകല്‍പന. കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, വിതരണക്കാര്‍ എന്നിങ്ങനെ കണിക ജലസേചനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിവിധ മേഖലകളിലെ വ്യക്തികള്‍ക്ക് ഒരു പോലെ ഉപയോഗപ്രദമാണ് ഈ സോഫ്റ്റ്‌വെയര്‍. കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ധനസഹായത്താല്‍ വെള്ളാനിക്കര ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളജില്‍ നടന്നുവരുന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ഈ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്. കാര്‍ഷിക സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ സോഫ്റ്റ്‌വെയര്‍ ലഭ്യമാക്കാനുളള ശ്രമത്തിലാണ് ഇതിന്റെ ശില്‍പികളായ ഡോ. കെ.പി വിശാലാക്ഷി, എന്‍ജി. നിമ്മി കുറുപ്പത്ത്, അനീഷ് സി.വി, സുരേഷ് കുമാര്‍ പി.കെ എന്നിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."